
കൽപ്പറ്റ: ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് നെൽകൃഷി (Paddy cultivation) പൂർണമായി നശിച്ച വയനാട് (Wayanad) ചീക്കലൂരിലെ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് വാങ്ങിയ മനുവര്‍ണ വിത്തുപയോഗിച്ച പാടങ്ങളിലായിരുന്നു രോഗബാധ. വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിച്ചതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ.
ചീക്കുല്ലൂരിലെ 250 ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് കരിഞ്ഞുണങ്ങിയത്. മണ്ണുത്തി വിത്തുത്പാദന കേന്ദ്രത്തിൽ നിന്നാണ് ഇവിടേക്ക് കർഷകർ മനുവർണ എന്ന വിത്തിറക്കിയത്. ഏറെ ഗുണമേന്മയുള്ള വിത്താണിതെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്.
എന്നാൽ മനുവർണ്ണ വിത്തിറക്കിയ കർഷകർ വഞ്ചിതരായി. ആദിവസികൾ ഉൾപ്പടെയുള്ള 80 കർഷകർക്കായി ഒന്നേക്കാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. നെൽക്കതിരുകൾ വന്ന കർഷകർക്ക് ഏക്കറിനു 14,000 രൂപ വീതം അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പ്രളയ കാലത്ത് വലിയ നഷ്ടങ്ങൾ നേരിട്ടവരാണ് ചീക്കല്ലൂരിലെ നെൽ കർഷകർ. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സമരപരിപാടികളിലേക്ക് നീങ്ങാനാണ് കർഷകരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam