
ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ദേവസ്വം വാച്ചർ പിടിയിൽ. കുമാരപുരം പൊത്തപ്പള്ളി തെക്ക് വൈഷ്ണവത്തിൽ രാകേഷ് കൃഷ്ണനെ (40) യാണ് ദേവസ്വം അസി. കമ്മിഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ജനുവരി മാസത്തെ കാണിക്ക എണ്ണുന്നതിനിടെയായിരുന്നു സംഭവം. 20 ഓളം ജീവനക്കാർ എണ്ണിത്തിട്ടപ്പെടുത്തിയ പണം ബാങ്ക് ജീവനക്കാർക്ക് കൈമാറാനായി മാറ്റുന്നതിനിടെ, കാലിയായ പെട്ടികൾക്കിടയിൽ രാകേഷ് സംശയാസ്പദമായി പെരുമാറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇയാൾ മാറ്റാൻ ശ്രമിച്ച പെട്ടി പരിശോധിച്ചപ്പോഴാണ് 20 രൂപയുടെ 100 വീതമുള്ള 10 കെട്ടുകളും 500 രൂപയുടെ 12 നോട്ടുകളും 10 രൂപയുടെ കെട്ടുകളും ഉൾപ്പെടെ 32,000 രൂപ കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിലും ദേവസ്വം ബോർഡ് ഉന്നത അധികൃതരെയും വിവരമറിയിച്ചു. തുടർന്നാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡന്റാണ് രാകേഷ്. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റായിരുന്ന ഇയാൾ 2021-ൽ കുമാരപുരം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സിസിടിവി പ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam