ഇത് ഒന്നൊന്നര ആന, ഇടയില്ല, പാപ്പാനും കൂച്ചുവിലങ്ങും വേണ്ട; നെയ്യാറ്റിൻകരയിൽ ഇനി ദേവീദാസന്‍റെ ആറാട്ട്

Published : Mar 08, 2025, 05:54 AM IST
ഇത് ഒന്നൊന്നര ആന, ഇടയില്ല, പാപ്പാനും കൂച്ചുവിലങ്ങും വേണ്ട; നെയ്യാറ്റിൻകരയിൽ ഇനി ദേവീദാസന്‍റെ ആറാട്ട്

Synopsis

മെറ്റലും ഫൈബറും റബറും ഉപയോഗിച്ച് നിർമ്മിച്ച ആനയ്ക്ക് നാലു പേരെ വരെ വഹിക്കാനാകും.

തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുങ്കടവിള  ശ്രീബാലഭദ്രകാളി  ക്ഷേത്രത്തിലെ ആന ഇനി ഇടയില്ല. കൂച്ചുവിലങ്ങും പാപ്പാനുമില്ലെങ്കിലും ആന ഹാപ്പിയായി തലയാട്ടി നിൽക്കും. ഭക്തർക്ക് പേടികൂടാതെ തൊട്ടുരുമി നിൽക്കാം. സെൽഫിയുമെടുക്കാം. ഇത്രയും മിടുക്കുള്ള ആന ഏതാണെന്നല്ലേ? ഇത് പുതിയ കാലത്തിന്‍റെ റോബോട്ടിക് ആനയാണ്.

10 അടി ഉയരവും 600 കിലോ ഭാരവുമുള്ള ആനയയ്ക്ക് ദേവീദാസൻ എന്നാണ് പേര്.  അമേരിക്കയിലെ വെർജിനീയ കേന്ദ്രമായി പ്രവർത്തിക്കുന്ന പീറ്റ ഇൻഡ്യ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് അനിമൽസ് നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ) എന്ന മൃഗസ്നേഹി  സംഘടനയാണ്  ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ ക്ഷേത്രത്തിനു നൽകിയത്. ആനകൾ സമീപ കാലത്ത് അക്രമിക്കപ്പെടുകയും അക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആനകളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് മടക്കി പരിപാലിക്കണമെന്ന് പീറ്റ പ്രവർത്തകർ പറയുന്നു. 'പകരം ഞങ്ങൾ ഒറിജിനലിനെ വെല്ലുന്ന ആനയെ തരാം' അതാണ് പീറ്റയുടെ വാഗ്ദാനം. 

മെറ്റലും ഫൈബറും റബറും കൊണ്ട് നിർമ്മിച്ച ദേവീദാസൻ്റെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയുടെ സഹായത്താൽ നാലു മോട്ടോറുകളിൽ  ചലിക്കും. വെള്ളവും ചീറ്റും. നാലാളുകളെ വരെ ആനക്ക് വഹിക്കാനും കഴിയും.ചാലക്കുടിയിലെ ഫോർ ഹാർട്സ് ക്രിയേഷൻസിലെ പ്രശാന്ത്, പ്രകാശൻ, ജിനേഷ് കെ.എം, സാൻ്റോ ജോസ് എന്നിവരാണ് ദേവീദാസനെ നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തീൽ നടന്ന ദേവീദാസൻ്റെ നടക്കിരുത്തൽ ചടങ്ങ് നടി പാർവതി നായർ ഉദ്ഘാടനം ചെയ്തു. 

പീറ്റ ഡയറക്ടർ ഓഫ് അഡ്വോക്കസി ഖുഷ്ബു ഗുപ്ത, ലീഡ് എമർജൻസി റസ്പോൺസ് ശ്രീക്കുട്ടി രാജെ, വൈസ് പ്രസിഡൻ്റ് ഓഫ് സെലിബ്രറ്റി ഡിപ്പാർട്ട്മെൻ്റ് സച്ചിൻ ബംഗേര, ഹെറിറ്റേജ് അനിമൽ ടാസ്ക്ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം, ക്ഷേത്രം ട്രസ്റ്റ് പ്രസിഡൻ്റ് ബി ആദർശ്, പൂർവമേഖല ഉത്സവ സമിതി പ്രസിഡൻ്റ് കൃഷ്ണശേഖർ തുടങ്ങിയവർ സംസാരിച്ചു.

ട്രെയിൻ വരുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം; പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കുക 60 സ്റ്റേഷനുകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം