
തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് ആയിരങ്ങളെത്തി. ദർശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞ് കിടന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രസാദ ഊട്ട് ലഭ്യമാക്കിയത് വലിയ ആശ്വാസമായി.
ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലർച്ചെ നിർമ്മാല്യം മുതൽ ഗുരുവായൂരപ്പ ദർശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും ഇന്ന് നടന്നു. ക്ഷേത്ര ദര്‍ശനത്തിനുശേഷം ഭക്തര്‍ പുലർച്ചെ അഞ്ചു മണി മുതൽ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തർക്കായി പാത്രത്തിൽ നിരന്നു.
സാധാരണ ദിനങ്ങളിൽ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതൽ വിളമ്പൽ ആളുകളുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പതരവരെ നീണ്ടു. വിശപ്പാറ്റാൻ എത്തിയവർക്കായി വീണ്ടും വിഭവങ്ങൾ ഒരുക്കി ദേവസ്വം ഭക്തർക്ക് സഹായമായി. മൂവ്വായിരത്തിലേറെ ഭക്തർ പ്രാതൽ പ്രസാദ ഊട്ടിൽ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങൾ ഭക്തർക്കായി വിളമ്പി.
ഒപ്പം മേന്മയേറിയ രസവും നൽകി. പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിഞ്ഞാണ് അവസാനിച്ചത്. ഭക്തർക്ക് കരുതലായി അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാറും സേവന സജ്ജരായി ക്ഷേത്രം ജീവനക്കാരും മുന്നിട്ടിറങ്ങിയതോടെ പണിമുടക്ക് ദിനത്തിലും പതിനായിരത്തിലേറെ പേർക്ക് രാവിലെയും ഉച്ചയ്ക്കുമായി പ്രസാദ ഊട്ട് നൽകാൻ ദേവസ്വത്തിനായി. കടകൾ പലതും അടഞ്ഞുകിടന്ന സാഹചര്യത്തിൽ ദേവസ്വത്തിന്‍റെ നടപടി ഗുരുവായൂരിലെത്തിയ ആയിരങ്ങള്‍ക്ക് ആശ്വാസമാവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam