ഡയാലിസിസ് രോഗിയായ ഡ്രൈവറെ വരിസംഖ്യ നൽകിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവച്ചു, അസോസിയേഷനെതിരെ പരാതി

By Web TeamFirst Published Sep 25, 2021, 1:26 PM IST
Highlights

മൂന്നാര്‍ ടാക്‌സി അസോസിയേഷനില്‍ അംഗമായ സുന്തര്‍ വര്‍ഷങ്ങളായി ടാക്‌സി വാഹനം ഓടിക്കുന്ന ആളാണ്. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് അസുഖം പിടിപെടുകയും തുടർന്ന് ഡയാലിസിസ് ചെയ്ത് വരികയുമാണ്.

ഇടുക്കി: വരിസംഖ്യ നല്‍കിയില്ലെന്ന് ആരോപിച്ച് ഡയാലിസിസ് (Dialysis) രോഗിയെ ആശുപത്രിയിലേക്ക് പോകാൻ അനുവദിക്കാതെ ടാക്‌സി അസോസിയേഷന്‍ (Taxi Association) അംഗങ്ങളും ഡ്രൈവര്‍മാരും (Taxi Driver) തടഞ്ഞുവെച്ചതായി പരാതി. മൂന്നാര്‍ (Munnar) കോളനിയില്‍ താമസിക്കുന്ന സുന്തർ എന്ന ഡ്രൈവറെയാണ് സ്റ്റാന്റില്‍ വാഹനം നിര്‍ത്തിയിടുന്നതിന് നികുതി നല്‍കിയില്ലെന്ന് ആരോപിച്ച് അസോസിയേഷന്‍ അംഗങ്ങളും ചില ഡ്രൈവര്‍മാരും തടഞ്ഞത്. 

മൂന്നാര്‍ ടാക്‌സി അസോസിയേഷനില്‍ അംഗമായ സുന്തര്‍ വര്‍ഷങ്ങളായി ടാക്‌സി വാഹനം ഓടിക്കുന്ന ആളാണ്. കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് അസുഖം പിടിപെടുകയും തുടർന്ന് ഡയാലിസിസ് ചെയ്ത് വരികയുമാണ്. പലരും നല്‍കുന്ന സഹായവും എപ്പോഴെങ്കിലും വാഹനത്തിന് ലഭിക്കുന്ന ഓട്ടത്തിലൂടെയുമാണ് ചികില്‍സയ്ക്കുള്ള പണം കണ്ടെത്തുന്നത്. 

ഇതിനിടെ കഴിഞ്ഞ ദിവസം അസോസിയേഷന് സമീപത്ത് വാഹനം നിര്‍ത്തിയിടുന്നതിന് വരിസംഖ്യ അടിച്ചില്ലെന്ന് പറഞ്ഞ് ഇദ്ദേഹത്തെ ഭാരവാഹികളും ഡ്രൈവര്‍മാരും തടഞ്ഞതായാണ് സുന്തറിന്റെ പരാതി. സംഭവത്തില്‍ മൂന്നാര്‍ പോലീസിനും പഞ്ചായത്ത് സെക്രട്ടറിക്കും ഇദ്ദേഹം പരാതി നല്‍കി. അരമണിക്കൂറോളം തടഞ്ഞതോടെ ശ്വാസം മുട്ടലടക്കമുള്ള അസ്വസ്ഥകള്‍ ഉണ്ടാവുകയും ഡയാലിസിന് പോകാന്‍ കഴിഞ്ഞില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

click me!