റോബോട്ടിക്‌സ് മുതല്‍ മൊബൈല്‍ ആപ്പുകള്‍ വരെ, സാങ്കേതിക മികവില്‍ ദയാപുരം സ്‌കൂള്‍ ഡിജിറ്റല്‍ ഫെസ്റ്റ്

By Web TeamFirst Published Nov 23, 2022, 6:48 PM IST
Highlights

അഞ്ച് വര്‍ഷമായി നടന്നുവരുന്ന ഡിജിറ്റല്‍ ഫെസ്റ്റില്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ സ്വയം വികസിപ്പിച്ച വര്‍ക്കിംഗ് മോഡലുകള്‍, റോബോട്ടിക്‌സ്, ഐ.ഒ.ടി, വെബ്‌സൈറ്റുകള്‍, അനിമേഷനുകള്‍, ഗെയിം, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയാണ് അവതരിപ്പിച്ചത്. 

കോഴിക്കോട്: കുട്ടി ശാസ്ത്രജ്ഞരുടെ സാങ്കേതിത്തികവിന്റെ അടയാളപ്പെടുത്തലായി കോഴിക്കോട് ദയാപുരം സ്‌കൂളില്‍ വീണ്ടും ഡിജിറ്റല്‍ ഫെസ്റ്റ്. ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ സാങ്കേതിക മികവ് പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ഫെസ്റ്റ് നടന്നത്. അഞ്ച് വര്‍ഷമായി നടന്നുവരുന്ന ഡിജിറ്റല്‍ ഫെസ്റ്റില്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ സ്വയം വികസിപ്പിച്ച വര്‍ക്കിംഗ് മോഡലുകള്‍, റോബോട്ടിക്‌സ്, ഐ.ഒ.ടി, വെബ്‌സൈറ്റുകള്‍, അനിമേഷനുകള്‍, ഗെയിം, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയാണ് അവതരിപ്പിച്ചത്. 

ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രാഥമികപാഠങ്ങളും കംപ്യൂട്ടര്‍ കോഡിംഗും പ്രൈമറിതലം മുതല്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സൈബര്‍ സ്‌ക്വയര്‍' ആണ് പദ്ധതിയുടെ പ്രയോക്താക്കള്‍.

പച്ചത്തക്കാളിയും പഴുത്ത തക്കാളിയും വേര്‍തിരിച്ചു വെവ്വേറെ പാത്രങ്ങളിലാക്കുന്ന ടുമാറ്റോ സോര്‍ട്ടിംഗ് മെഷീന്‍, രോഗികള്‍ക്ക് പരസഹായമില്ലാതെ കൈകളുടെ ചെറിയ ചലനമനുസരിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ബ്ലൂ ടൂത്ത് വീല്‍ചെയര്‍ സിസ്റ്റം, അതിക്രമിച്ചു കടക്കുന്നവരെ കുടുക്കാനുള്ള സെക്യൂരിറ്റി അലാറം, ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ വിളിച്ചുകൂവുന്ന അലാറം, ടെസ് ല കോയില്‍ ഉപയോഗിച്ച് കേബിള്‍ ഇല്ലാതെ വൈദ്യുതി ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനം, മാത്സ് ചാറ്റ് ബോട്ട്, റോബോട്ടിക് കാറുകള്‍, കാലാവസ്ഥാ ചാനല്‍, ക്വിസ് ആപ്പ്, ഉപയോഗശേഷം ഒഴിവാക്കുന്ന വെള്ളക്കുപ്പികള്‍ നിക്ഷേപിക്കുമ്പോള്‍ പണം അക്കൌണ്ടിലേക്ക് വരുന്ന പരിസ്ഥിതി സൗഹൃദ സംവിധാനം, തുടങ്ങിയവയൊക്കെയാണ് കുട്ടിശാസ്ത്രജ്ഞരും കുരുന്ന് സാങ്കേതിക പ്രതിഭകളും ഒരുക്കിയത്. 18 സ്റ്റാളുകളിലായി നടന്ന പ്രദര്‍ശനത്തില്‍ 185 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 

 

 

സെറോണ്‍ കണ്‍സള്‍ട്ടിംഗ് സിഇഒ ജിയാഷ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്‌സസ് സൊലൂഷന്‍സ് സിഒഒ അബ്ദുള്‍ ഗഫൂര്‍, വാട്ടില്‍കോര്‍പ്പ് സൈബര്‍ സെക്യൂരിറ്റി സിടിഒ കളത്തില്‍ കാര്‍ത്തിക്, ഡെസ്‌ക് ലോഗ് ഇന്‍ സിഇഒ അബ്ദുള്‍ മജീദ്, മൊബിലിറ്റി സൊലൂഷന്‍സ് ഡയറക്ടര്‍ റോഷിക് അഹമ്മദ്, ഐഒസിഒഡി ഇന്‍ഫോടെക് സ്ഥാപകന്‍ കെ.കെ ഫാസില്‍, കാപിയോ സഹസ്ഥാപകന്‍ കെ.എം ഗഫൂര്‍, കമല്‍ റാം സജീവ്, മനില സി.മോഹന്‍  എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് മൂല്യനിര്‍ണയം നടത്തിയത്.  

പ്രിന്‍സിപ്പല്‍ പി. ജ്യോതി അധ്യക്ഷത വഹിച്ചു. അല്‍-ഇസ്‌ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദില്‍ ആമുഖപ്രഭാഷണം നടത്തി. മനോജ് ഏബ്രഹാം ഐ.പിഎസ്, അബ്ദുല്‍ റഹ്മാന്‍ അബ്ദുല്ല അല്‍ അന്‍സാരി (ഖത്തര്‍), ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ നുഅയ്മി (യു.എ.ഇ), സംവിധായകന്‍ സിദ്ധാര്‍ഥ ശിവ, ദയാപുരം ചെയര്‍മാന്‍ ഡോ. എം.എം ബഷീര്‍, പാട്രണ്‍ സി.ടി അബ്ദുറഹിം എന്നിവര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ത്ഥികളായ ഖദീജ സഫീര്‍, ഹൈസ ഫാത്തിമ, നവീദ് എസ് അനില്‍, ഡെറീന മോഹന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ടിജി വി എബ്രഹാം മെമെന്റോ നല്‍കി. റഷ അസ്‌കര്‍ സ്വാഗതവും അമ്രീന്‍ ജസീര്‍ നന്ദിയും പറഞ്ഞു. അധ്യാപകരായ വി. പ്രജുന്‍, പി.എം ശാലിനി, പി. അഞ്ജന, ആര്‍. ഉമപ്രിയ, ആഷ് ലി ജോര്‍ജ്ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

click me!