
തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ വീടുകയറി മുഖംമൂടി ആക്രമണം നടത്തുകയും ഗൃഹനാഥനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പേർ പിടിയിൽ. വയോധിക ഉൾപ്പെടെയാണ് ഏഴ് പേർ പിടിയിലായത്. ഗൃഹനാഥനെ മർദിക്കാൻ ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ സി ഭവനിൽ ചന്ദ്രിക, സമീപവാസിയായ സുനിൽകുമാർ, കാഞ്ഞിരംകുളം മല്ലൻകുളം സ്വദേശി ഷൈജു, കാഞ്ഞിരംകുളം തടത്തിക്കുളം സ്വദേശി രാകേഷ്, ഉച്ചക്കട സ്വദേശി അനൂപ് എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവരും കസ്റ്റഡിയിലുണ്ട്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ വാതിൽ ചവിട്ടിത്തുറന്നാണ് സംഘം വീട്ടിൽ കയറിയത്. ഉച്ചക്കട ആർ സി ഭവനിൽ വിശ്വാമിത്രനെയാണ് കഴിഞ്ഞ ദിവസം മുഖംമൂടി ധരിച്ചെത്തിയ സംഘം അക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. വിശ്വാമിത്രന്‍റെ തന്നെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പുന്നവിളഭാഗത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നു. ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വർഷം മുൻപ് വാങ്ങിയ വീടിനെ ചൊല്ലിയുള്ള തർക്കമാണ് ക്വട്ടേഷനു പിന്നിലെന്ന് പൊലീസ് പറയുന്നു. ചന്ദ്രികയുടെ മരുമകൾ വീടും സ്ഥലവും വിശ്വാമിത്രന് മൂന്ന് കോടിക്ക് വിറ്റിരുന്നു. എന്നാൽ ഈ സ്ഥലത്തിന് നാല് കോടി രൂപ വിലവരുമെന്നു പറഞ്ഞ്, മരുമകൾ വിറ്റ വീട്ടിൽ ചന്ദ്രിക കയറി താമസിക്കുകയായിരുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെങ്കിലും താക്കോൽ നൽകിയിരുന്നില്ല. താൻ വാങ്ങിയ വീട്ടിൽ ചന്ദ്രിക കയറി താമസിക്കുന്നത് അറിഞ്ഞ് വിശ്വാമിത്രനും ഭാര്യയും ഇവിടെക്ക് താമസം മാറ്റി. തുടർന്ന് ഇരുവിഭാഗവും കോടതിയെ സമീപിച്ചു. ഇതിനിടെ
വിശ്വാമിത്രനെ വീട്ടിൽ നിന്നും ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടുകയും ഒന്നേകാൽ ലക്ഷം രൂപ നൽകുകയും ചെയ്തു. അനൂപിന്‍റെ സുഹൃത്തുക്കളും പരിചയക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ വിശ്വാമിത്രന്റെ ഭാര്യ പുറത്തുപോയ തക്കം നോക്കി ചന്ദ്രിക മറ്റ് പ്രതികളെ ഫോണിൽ വിവരമറിയിച്ചാണ് വീട്ടിലേക്കെത്തിച്ചത്. വിശ്വാമിത്രൻ ഉറങ്ങിക്കിടന്ന മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന് ഇരുമ്പ് കമ്പിയും തടിക്കഷ്ണവും കൊണ്ട് ആക്രമിക്കുകയും പിന്നാലെ കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതര സംസ്ഥാനക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.