ക്വാറി നടത്തിപ്പ്: പള്ളിക്കെതിരായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം പൂഴ്ത്തിയെന്ന് ആക്ഷേപം

By Web TeamFirst Published May 11, 2019, 5:14 PM IST
Highlights

ഇരുപത്തഞ്ച് വര്‍ഷം അനധികൃത ക്വാറി പ്രവര്‍ത്തിപ്പിച്ചതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് തുടര്‍നടപടികളില്ലാത്തത്

കോഴിക്കോട്: ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് താമരശേരി രൂപതക്ക് കീഴിലുള്ള പള്ളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാ ഭരണകൂടം പൂഴ്ത്തിയതായി ആക്ഷേപം. ഇരുപത്തഞ്ച് വര്‍ഷം അനധികൃത ക്വാറി പ്രവര്‍ത്തിപ്പിച്ചതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് തുടര്‍നടപടികളില്ലാത്തത്.

താമരശേരി രൂപതക്ക് കീഴിലെ പുഷ്പഗിരി ലിറ്റില്‍ ഫ്ലവര്‍ പള്ളിയുടെ ഉടമസ്ഥതയിലാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. 1990 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍ നിന്ന് ടണ്‍കണക്കിന് കരിങ്കല്ലാണ് പൊട്ടിച്ച് കടത്തിയത്. പഞ്ചായത്തിന്‍റെയോ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെയോ പ്രവര്‍ത്തനാനുമതി ക്വാറിക്കില്ലായിരുന്നു. സ്ഫോടക വസ്തു സൂക്ഷിക്കുന്നതിനോ, ഉപയോഗിക്കുന്നതിനോ അനുവാദമില്ലായിരുന്നു. 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ റവന്യൂവകുപ്പ് അന്വേഷണം നടത്തിയത്. സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയ പള്ളി അധികൃതര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടാണ് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ താമരശേരി തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ക്ക് കൈമാറി നാല് മാസം പിന്നിട്ടിട്ടും നടപടിയില്ല.

ലിറ്റില്‍ ഫ്ലവര്‍ പള്ളിക്ക് പുറമെ രൂപതക്ക് കീഴിലുള്ള ചുണ്ടത്തുംപൊയിലിലെ സെന്‍റ് ജോര്‍ജസ് പള്ളിയുടെ ഉടമസ്ഥതയിലും ക്വാറി പ്രവര്‍ത്തിച്ചിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരി രൂപത സമരരംഗത്ത് വന്നതിന് പിന്നാലെയാണ് രൂപതക്ക് കീഴിലുള്ള പള്ളികളിലെ ക്വാറി നടത്തിപ്പിന്‍റെ വിവരങ്ങള്‍പുറത്തായത്. രൂപത പ്രതിരോധത്തിലായതോടെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. അതേ സമയം തുടര്‍ നടപടിയെന്തെന്ന അന്വേഷണത്തോട് ജില്ലഭരണകൂടം പ്രതികരിച്ചിട്ടില്ല.

click me!