
കൊച്ചി: എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്തം വ്യാപനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ല കളക്ടർ. മൂവാറ്റുപുഴ ആർഡിഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല. വേങ്ങൂരിലെ രോഗികളുടെ മരണകാരണം, മഞ്ഞപ്പിത്ത വ്യാപനത്തിന്‍റെ കാരണങ്ങൾ,ആർക്കാണ് വീഴ്ച സംഭവിച്ചത് എന്നീ കാര്യങ്ങളിലാണ് അന്വേഷണം.രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ശ്രോതസ്സിൽ നിന്നാണ് രോഗം പടർന്നതെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തൽ എന്നും മജിസ്റ്റീരിയൽ അന്വേഷണ ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോട് നാട്ടുകാരുടെ അമർഷം പുകയുകയാണ്. പഞ്ചായത്തും ജല അതോറിറ്റിക്കെതിരെ രംഗത്ത് വന്നു. രോഗബാധിതർക്ക് ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ആവശ്യപ്പെട്ടു.
കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്തബാധക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത. ശരിയായ ക്ലോറിനേഷൻ നടത്താൻ ജലഅതോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡിഎംഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ പ്രതിഷേധവും അമർഷവും കൂടി. പിഴവ് പറ്റിയാൽ നടപടി വേണ്ടെ എന്ന ചോദ്യമാണ് പഞ്ചായത്ത് ആവർത്തിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam