
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. തൊടുപുഴ താലൂക്കിലെ കുമാരമംഗലം സ്വദേശിക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 19 നാണ് ഇദ്ദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം മാതൃകാപരമായ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തിയ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് ചെയ്തത്. കഴിഞ്ഞ 23ന് അദ്ദേഹം തന്നെ ബൈക്കില്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയിരുന്നു. തിരികെ വീട്ടിലെത്തിയ കുടുംബാഗങ്ങളുമായി പോലും നേരിട്ടു വിനിമയം നടത്തിയിട്ടില്ലെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ഇറ്റലിയിൽ നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകൾക്കും മരുമകനും കൊവിഡ് രോഗം ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരുടെയും റിപ്പോർട്ടുകൾ ഇന്ന് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വിശദീകരിച്ചു. ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ഇരുവരുമുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മാര്‍ച്ച് എട്ടിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
മാര്‍ച്ച് 18, 20 തീയതികളില്‍ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ ആദ്യമായി രോഗം ബാധിച്ചത് ഈ ദമ്പതികളുടെ റാന്നി സ്വദേശികളായ അച്ഛനമ്മമാർക്കും സഹോദരനുമാണ്. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർ രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്. ആദ്യ സാമ്പിള്‍ പരിശോധനയില്‍തന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam