
ഹരിപ്പാട്: ചെറുതന ഗാന്ധിഭവന്‍ സ്നേഹവീട് കല്യാണ വീടാക്കി മാറ്റിയപ്പോള്‍ ദിവ്യയും സുധിനും അന്തേവാസികളുടെ സാനിധ്യത്തില്‍ വിവാഹിതരായി. മക്കളാലും ബന്ധുക്കളാലും ഒറ്റപ്പെട്ട് ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് സന്തോഷത്തിന്റെ നിമിഷമാണ് സമ്മാനിച്ചത്.
തങ്ങളുടെ കൊച്ചുമകളുടെ വിവാഹത്തിനെന്ന പോലെ എല്ലാവരും അനുഗ്രഹിച്ചു.
ഗാന്ധിഭവന്‍ സ്‌നേഹവീട്ടില്‍ കുടുംബത്തിലെ ഒരു ചടങ്ങിനെത്തിയ തലവടി പത്തിശ്ശേരില്‍ ഓമനക്കുട്ടന്‍- സരള ദമ്പതികളുടെ മകള്‍ ദിവ്യ ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് തന്റെ വിവാഹത്തിന് ക്ഷണിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ താന്‍ നല്‍കിയ വാക്ക് പാലിച്ച് ഒടുവില്‍ ഗാന്ധിഭവന്‍ തന്നെ കല്യാണ മണ്ഡപമാക്കാന്‍ തീരുമാനിച്ചു. ആലപ്പുഴ കിടങ്ങറ, തട്ടാശ്ശേരില്‍ സത്യന്‍-ഉഷ ദാമ്പതികളുടെ മകനായ സുധിനാണ് വരന്‍. ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെ വിവാഹം നടന്നു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. ശോഭ, ചെറുതന ഗ്രാമ പഞ്ചായത്ത് അംഗം എസ്. അനില എന്നിവര്‍ ആശംസകള്‍ അറിയിച്ചു ചടങ്ങില്‍ പങ്കെടുത്തു. ഗാന്ധിഭവന്‍ സ്നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍, അംഗം പ്രണവം ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam