
തിരുവനന്തപുരം: ഈ ചെറിയ പെരുന്നാളും ഡോക്ടര്‍ ഗോപകുമാര്‍ പതിവുപോലെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിച്ചു. മുപ്പത് ദിവസം വ്രതശുദ്ധിയോടെ നോമ്പ് അനുഷ്ഠിച്ച ഡോക്ടറുടെ മതത്തിനും ജാതിക്കും അപ്പുറമുള്ള വിശ്വാസത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ട്.
തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലെ ആർ.എം.ഒയാണ് ഡോ.ഗോപകുമാര്‍. അധ്യാപകനായി 2002-ൽ കണ്ണൂർ പരിയാരം കോളേജിൽ എത്തിയപ്പോഴാണ് നോമ്പ് നോൽക്കാൻ തുടങ്ങുന്നത്. അവിടുത്തെ കുട്ടികൾ നോമ്പെടുക്കുന്നത് കണ്ട് അവരോടൊപ്പം ചേരുകയായിരുന്നു. 2008-ൽ തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് അസിസ്റ്റന്റ് പ്രൊഫസറായി എത്തിയപ്പോഴും നോമ്പ് എടുക്കുന്നത് തുടർന്നു. പരിയാരത്ത് കുട്ടികൾ ആയിരുന്നു ഭക്ഷണവുമായി രാവിലെ എഴുന്നേൽപ്പിച്ചിരുന്നത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ കോളേജുകളിൽ ക്ലാസെടുക്കാൻ പോകാറുണ്ട്. ഈ സമയത്തും നോമ്പ് എടുക്കുന്നത് മുടക്കാറില്ല.
എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്നേഹമാണെന്ന് വിശ്വസിക്കുന്ന ഡോക്ടര്‍ 25 വര്‍ഷം തുടര്‍ച്ചയായി ശബരിമല ദര്‍ശനവും നടത്തിയിട്ടുണ്ട്. 1993 മുതൽ 2018 വരെയുള്ള കാലയളവില്‍ മുടങ്ങാതെ ശബരിമലയില്‍ പോയിരുന്ന അദ്ദേഹം റംസാൻ നോമ്പ് അനുഷ്ഠിക്കുന്ന നാളുകളിലും ശബരിമലയിൽ പോയിട്ടുണ്ട്. വെള്ളംപോലും കുടിക്കാതെ ദർശനം നടത്തിയിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു.
തുടർച്ചയായ രണ്ടുവട്ടം കേരള സർവകലാശാലയുടെ കലാപ്രതിഭ ആയിരുന്നു ഡോക്ടര്‍. കവിതയും കഥയും ലേഖനവുമെഴുതാറുണ്ട്. 2014-ൽ മികച്ച ആയുർവേദ അധ്യാപകനുള്ള സംസ്ഥാന അവാർഡ്, 2016-ൽ ആയുഷ് വകുപ്പിന്റെ ദേശീയ അവാർഡ്, 2017-ൽ കേന്ദ്ര ആയുർവേദ കൗൺസിലിന്റെ ആചാര്യ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
നീണ്ട ഒരു മാസക്കാലത്തെ നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പട്ടം ആദർശ് നഗറിലെ ശ്രീഭവനും ഇന്ന് പെരുന്നാള്‍ നിറവിലാണ്. തന്‍റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം പെരുന്നാള്‍ ആഘോഷിക്കുകയാണ് ഡോക്ടര്‍ ഗോപകുമാറും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam