
ചേർത്തല: വയറ്റിൽ വളർന്ന അഞ്ചു കിലോ തൂക്കമുള്ള ഭീമൻ മുഴ നീക്കം ചെയ്ത് എട്ടുവയസ്സുകാരിയായ വളർത്തുനായയ്ക്ക് പുനർജന്മം നൽകി ചേർത്തല ഗവൺമെന്റ് വെറ്റിനറി ക്ലിനിക്കിലെ ഡോക്ടർമാർ. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള 'ദിയ' എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയ്ക്കാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഏതാനും മാസങ്ങളായി അവശതയിലായിരുന്ന ദിയയ്ക്ക് പിന്നീട് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്നാണ് ഉടമ കൃഷ്ണദാസ് നായയെ ചേർത്തല ഗവൺമെന്റ് വെറ്റിനറി ക്ലിനിക്കിൽ എത്തിച്ചത്.
ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റിനുള്ളിൽ വളരുന്ന കൂറ്റൻ മാമറി ട്യൂമർ ശ്രദ്ധയിൽപ്പെട്ടത്. ഡോ. സംഗീത് നാരായണന്റെ നേതൃത്വത്തിൽ ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വിൽക്കിൻസൺ, ഡോ. എസ്. ജയശ്രീ എന്നിവരടങ്ങുന്ന വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അനസ്തേഷ്യ നൽകി അതിസങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഇത്രയും വലിയൊരു മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ആശുപത്രിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായ ദിയ ഇപ്പോൾ സന്തോഷത്തോടെ ഓടിനടക്കുകയാണെന്ന് ഉടമ കൃഷ്ണദാസ് പറഞ്ഞു. കൃത്യസമയത്ത് ദിയയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയ വെറ്റിനറി ക്ലിനിക്കിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും വലിയ അഭിനന്ദനമാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam