
കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര (National Centre for Earth sciense studies) ത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്.
ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്. ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സര്‍വേ വൈകിട്ട് ഏഴ് മണിക്ക് അവസാനിച്ചു. വെള്ളിയാഴ്ചയും സര്‍വേ തുടരും. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കല്‍ വെട്ടിയ പ്രദേശമടക്കം മൂന്നിടങ്ങളിലാണ് പരിശോധന നടത്തുക.
രണ്ടു ദിവസത്തെ പരിശോധനയില്‍ നിന്ന് ലഭിക്കുന്ന ഡാറ്റകള്‍ കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ലാബില്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദഗ്ദ പരിശോധന നടത്തും. പഠനത്തിന് ശേഷം ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സര്‍ക്കാറിനും ജില്ലാ കലക്ടര്‍ക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ഭൗമശാസ്ത്രജ്ഞന്‍ ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ജിയോ ഫിസിക്കല്‍ സര്‍വേ നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, അടിയന്തരമായി പ്രദേശത്ത് സര്‍വേ നടത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. സ്ഥലം എം.എല്‍.എയും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ജി.ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘത്തെ റവന്യൂ മന്ത്രി അയച്ചത്.
ഡോ. ബിപിന്‍ പീതാംബരനെ കൂടാതെ കൃഷ്ണ ഝാ, കെ. എല്‍ദോസ് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക്, എന്‍സിആര്‍എംപി ജില്ലാ കോര്‍ഡിനേറ്റര്‍ റംഷിന എന്നിവരും സംഘത്തിനൊപ്പമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam