കാലിലെ വ്രണത്തിന് പരിഹാരമായി; ഗജരാജന്‍റെ ദുരിതകാലത്തിന് വിരാമം

By Web TeamFirst Published Nov 4, 2020, 3:33 PM IST
Highlights

അഞ്ചോളം പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയകൃഷ്ണന്റെ കാലില്‍ നിന്നു ചങ്ങലയും റോപ്പും അഴിച്ചു മാറ്റിയത്.

അമ്പലപ്പുഴ: ഗജരാജന്‍ വിജയകൃഷ്ണന്റെ ദുരിതകാലത്തിന് വിരാമമായി. ഏതാനും മാസക്കാലമായി വിജയകൃഷ്ണന്റെ കാലില്‍ വ്രണത്തിനു കാരണമായ ചങ്ങലയും കയറും നീക്കം ചെയ്തു. മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിജയകൃഷ്ണന്റെ ചങ്ങലയും റോപ്പും നീക്കം ചെയ്തത്. 

വാര്‍ത്ത വന്നതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ നിര്‍ദേശപ്രകാരം വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്ര ദേവ്, കോന്നി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചോളം പാപ്പാന്‍മാരുടെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയകൃഷ്ണന്റെ കാലില്‍ നിന്നു ചങ്ങലയും റോപ്പും അഴിച്ചു മാറ്റിയത്. 

ചങ്ങലയും റോപ്പും മാറ്റാനുള്ള നടപടികളുടെ ഭാഗമായി രാവിലെ കുത്തിവയ്പിലൂടെ വിജയകൃഷ്ണനെ മയക്കിയിരുന്നു. പിന്നീട് മുറിവ് പറ്റിയ കാല്‍ കഴുകിയ ശേഷം മരുന്നുകള്‍ വച്ചു പുതിയ റോപ്പുമിട്ടു. മദപ്പാടിലായതിനാല്‍ ചികിത്സ കൃത്യമായി നടക്കാതെ ആനയെ അഴിച്ചു മാറ്റാനും കഴിയില്ലന്നും ഡോ. ശശീന്ദ്ര ദേവ് പറഞ്ഞു. എല്ലാ വര്‍ഷവും ആനയ്ക്ക് കാലില്‍ ഈ രീതിയില്‍ മുറിവുണ്ടാകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
 

click me!