
തൃശൂര്‍: ഗുരുവായൂർ മണിക്കൂറുകളോളം കാത്തു നിന്നിട്ടും ദർശനം നടത്താനാകാത്തതിൽ ഗുരുവായൂരിൽ ഭക്തജനരോഷം ഇരമ്പി. ഭക്തരുടെ പ്രതിഷേധത്തിനിടയിൽ ക്യൂ സംവിധാനങ്ങൾ തകർന്നു. പുതുവർഷ പുലരിയിൽ ദർശനപുണ്യം തേടി ആയിരങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ കാത്തുനിൽക്കുന്ന ഭക്തർക്ക് ഇന്നലെ പുലർച്ചെയായിട്ടും ദർശനം നടത്താൻ സാധിക്കാതായതോടെയാണ് ഭക്തർ കൂട്ടമായി പ്രതിഷേധിച്ചത്. സ്‌പെഷ്യൽ ടോക്കൺ നൽകി പ്രവേശിപ്പിക്കുന്നത് സാധാരണ ഭക്തർ നിൽക്കുന്ന നിരയെ ബാധിച്ചു. ഇതിനാൽ പൊതു നിര നീങ്ങാത്ത സാഹചര്യമായിരുന്നെന്ന് ഭക്തർ പറഞ്ഞു. മണിക്കൂറുകൾ വരി നിന്ന ഭക്തർക്ക് രാവിലെ ശീവേലിവരേയും ദർശനം നടത്താനായില്ല.
ഇതോടെ വരി നിന്ന ഭക്തർ പ്രതിഷേധം കടുപ്പിച്ചു. സെക്യൂരിറ്റി ജീവനക്കാരുമായി ഉന്തും തള്ളുമായി. വടക്കേ നടയിലേക്ക് ഭക്തരെ കടത്തിവിടുന്ന ഗ്രിൽ ഗേറ്റ് തകർന്നു.കൂടുതൽ പോലീസെത്തി ഭക്തരുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്. ശീവേലികഴിഞ്ഞ ഉടൻ വരിനിന്ന ഭക്തരെ പ്രവേശിപ്പിച്ചു. നെയ് വിളക്ക് ദർശനവും ദേവസ്വം ഫ്രീയായി നൽകുന്ന ടോക്കണും തിരക്ക് കുറയുന്നത് വരെ നിർത്തിവച്ചു. പല ദിവസങ്ങളിലും ഗുരുവായൂരിരിൽ ഈ കാഴ്ച്ച പതിവായിരിക്കുകയാണ്. പ്രാദേശികർക്ക് ടോക്കൺ നൽകുന്നതും പലപ്പോഴും ആരോപണങ്ങൾക്കിട നൽകാറുണ്ട്.
ഗുരുവായൂരിലെ യഥാർത്ഥ തദ്ദേശിയരല്ല ഇവിടെ പ്രാദേശിക ക്യൂവഴി തൊഴുന്നതെന്നും ഫ്ലാറ്റ് മാഫിയയായാണ് ഈ ദർശന സംവിധാനത്തിൽ പിടിമുറുക്കുന്നതെന്നും ആരോപണമുയരുന്നു. ഗുരുവായൂരിൽ ഒരു ഫ്ലാറ്റോ വില്ലയോ ബുക്ക് ചെയ്യുന്നവർക്ക് ദർശനത്തിന് അവസരമുണ്ടെന്ന പ്രചാരണവും നിലവിലുണ്ടത്രെ. കേന്ദ്രമന്ത്രി സുരേഷ്ഗോപി, കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ, കെ മുരളീധരൻ, അടൂർപ്രകാശ്, നടൻ ജയറാം എന്നിവരും ദർശനത്തിനെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam