
കൊല്ലം: ശബരിമല തീർത്ഥാടനപാതയിൽ ഗതാഗത സുരക്ഷയ്ക്കായ് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് സ്പെഷ്യൽ ഓഫീസർക്ക് യുവാവിന്റെ ക്രൂര മർദ്ദനം. യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കിളിക്കൊല്ലൂർ കല്ലുംതാഴം നന്ദു ഭവനിൽ നന്ദു (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ടിബി ജംഗ്ഷനിൽ ഡ്യൂട്ടി നോക്കിയിരുന്ന വനിതാ സ്പെഷ്യൽ ഓഫിസർ വിശ്രമിക്കുന്നതിനായി തൂക്കുപാലത്തിന് മുൻവശത്തുള്ള ഫുട്പാത്തിന്റെ വശത്ത് ഇരിക്കുമ്പോഴായിരുന്നു മർദ്ദിച്ചത്. വലിയ പാലം വഴി കടന്നു വന്ന നന്ദു സ്പെഷ്യൽ ഓഫീസറെ മുടിയിൽ പിടിച്ചു വലിക്കുകയും പിടിച്ച് തള്ളുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മിനി പമ്പ എന്നറിയപ്പെടുന്ന ടി ബി ജംഗ്ഷനിൽ വനിതകളും പുരുഷന്മാരും അടക്കം നിരവധി സ്പെഷൽ പൊലീസ് ഓഫീസർമാരാണ് രാവും പകലും ഡ്യൂട്ടി ചെയ്യുന്നത്. ആദ്യമായാണ് ഒരു വനിതാ ജീവനക്കാരി ഇവിടെ ആക്രമണത്തിനിരയായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam