
മലപ്പുറം: സ്ത്രീധനത്തിന്റെ (Dowry) പേരില്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് യുവതിയുടെ പരാതി (Complaint). ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പൊലീസില്‍ നിന്ന് നീതികിട്ടുന്നില്ലെന്നും മലപ്പുറം എടക്കര സ്വദേശിയായ യുവതി പരാതിപ്പെട്ടു. മൂന്ന് വര്‍ഷം മുമ്പാണ് തൃശൂര്‍ സ്വദേശി സുബീഷിനെ വിവാഹം കഴിച്ച സുചിത്ര ഇപ്പോള്‍ ചെമ്മംതിട്ടയിലാണ് താമസം. സ്തീധനം കുറഞ്ഞുപോയെന്ന കാരണത്തില്‍ തന്നെ ഒഴിവാക്കാൻ ഭര്‍ത്താവ് സുബീഷ് കുറച്ചു കാലമായി ശ്രമിക്കുകയാണെന്ന് സുചിത്ര പറയുന്നു.
ഇതിന് ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ സമ്മര്‍ദ്ദവുമുണ്ട്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുബീഷ് അടിച്ചു പരിക്കേല്‍പ്പിച്ചു. പണവും സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടുപോയി. തന്‍റെ സ്കൂട്ടറും കൊണ്ടാണ് കടന്നുകളഞ്ഞത്. എന്നാല്‍ സുചിത്രയുടെ പരാതിയില്‍ ഭര്‍ത്താവ് സുബീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് എടക്കര പൊലീസിന്‍റെ വിശദീകരണം. പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
'വിവാഹാലോചനാ വേളയിൽ സ്ത്രീധന പ്രശ്നം ഉയർന്നാൽ യുവതികൾ പ്രതികരിക്കണം,സർക്കാർ ഒപ്പമുണ്ട്': മുഖ്യമന്ത്രി
വിവാഹം ആലോചിക്കുന്ന ഘട്ടത്തിൽ സ്ത്രീധന പ്രശ്നങ്ങൾ ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പരാതികളിൽ സർക്കാർ ഒപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്. വനിതാ ദിനമായ മാർച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. സ്ത്രീധനം അടക്കമുള്ള തിന്മകൾക്കെതിരെ പ്രതികരിച്ചാൽ സർക്കാർ ഒപ്പം നിൽക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ഉറപ്പ്.