
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങളും സംഘർഷാവസ്ഥയും. അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെ കൂറ് മാറുമെന്ന് ഭയന്ന് സി പി എം കൗൺസിലറെ കടത്തിക്കൊണ്ടുപോയി. കൗൺസിലർ കലാ രാജുവിനെയാണ് കടത്തിക്കൊണ്ടുപോയത്. എൽ ഡി എഫ് ഭരണ സമിതിക്ക് എതിരെ ഇന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ ഇരിക്കവെയാണ് നാടകീയ തട്ടിക്കൊണ്ടുപോകൽ.
കൗൺസിലറെ കടത്തി കൊണ്ടുപോയത് പൊലീസ് നോക്കിനിൽക്കവെയായിരുന്നുവെന്ന് യു ഡി എഫ് ആരോപിച്ചു. യു ഡി എഫ് കൗൺസിലർമാരെ അകത്തു കയറാൻ സമ്മതിച്ചിട്ടില്ല. മുൻ മന്ത്രി അനുബ് ജേക്കബ് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. നഗരസഭക്ക് മുന്നിൽ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നത് നേരിയ സംഘർഷവാസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രവർത്തകർ പൊലീസ് സ്റ്റേഷനും ഉപരോധിച്ചു.
അതേസമയം സി പി എം കൗൺസിലർ കലാ രാജുവിനെ സി പി എമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എം എൽ എ രംഗത്തെത്തി. കലാ രാജുവിനെ തട്ടികൊണ്ടുപോകാൻ വഴിയൊരുക്കിയത് പൊലീസാണെന്നും പ്രതികളായ ആളുകൾക്ക് പൊലീസ് സുരക്ഷയൊരുക്കിയെന്നും എം എൽ എ വിമർശിച്ചു. കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ഡി വൈ എസ് പി അടക്കം സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കലാ രാജുവിനെ ബലമായി കാറിൽ കയറ്റിയപ്പോൾ കാറിന്റെ ഡോർ അടച്ചു കൊടുത്തത് പൊലീസാണെന്ന് കുഴൽനാടൻ എം എൽ എ പറഞ്ഞു. തട്ടിക്കൊണ്ടുപോയ വാഹനത്തിന് പൊലീസുകാർ വഴിയൊരുക്കി. ആശുപത്രിയിൽ വച്ചും കലാരാജുവിനെ വളഞ്ഞു നിന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഒരു പ്രതിയോട് പെരുമാറുന്നതിനേക്കാൾ ക്രൂരമായാണ് അവരോട് പൊലീസ് പെരുമാറിയത്. അവരുടെ ജീവന് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് കൊച്ചിക്ക് കൊണ്ടുവന്നത്. ഇതിൽ നിയമനടപടിയുമായി മുന്നോട്ട് പോകും. പെരുവഴിയിൽ വച്ച് മകന്റെ പ്രായം പോലുമില്ലാത്ത ഡി വൈ എഫ് ഐക്കാരൻ കലാരാജുവിൻ്റെ സാരി വലിച്ചൂരാൻ ശ്രമിച്ചെന്നും കുഴൽ നാടൻ ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam