പയ്യലൂർ യു.പി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന റഷീദ, ഹസ്സൻ മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്
പാലക്കാട്: കൊല്ലങ്കോട് എക്സൈസ് റേഞ്ച് പരിധിയിലെ പയ്യലൂരിൽ സ്കൂളിന് സമീപം പലചരക്ക് കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്ന കടകളുടെ ലൈസൻസ് റദ്ദാക്കി. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിഷാന്തും സംഘവും ചേർന്ന് ഡിസംബറിൽ നടത്തിയ പരിശോധനയിലാണ് പയ്യലൂർ ടി കെ ഡി യു.പി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന റഷീദ, ഹസ്സൻ മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. തുടർന്ന് കോട്വാ നിയമ പ്രകാരം പിഴ ഈടാക്കുകയും തുടർ നടപടികൾക്കായി കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടകളുടെ ലൈസൻസ് റദ്ദ് ചെയ്ത് ഉത്തരവായത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
