
പത്തനംതിട്ട: കുടിവെള്ളത്തെചൊല്ലി (Drinking Water) പത്തനംതിട്ട (Pathanamthitta) വള്ളിക്കോട് പഞ്ചായത്തും മിൽമ ഡയറി പ്ലാന്റും (Milma Dairy Plant) തമ്മിൽ തർക്കം രൂക്ഷമാകുന്നു. മിൽമ അനധികൃതമായി ശുദ്ധജല പ്ലാന്റിൽ നിന്ന് വെള്ളം എടുക്കുന്നെന്നാണ് പഞ്ചായത്തിന്റെ ആരോപണം. എന്നാൽ വാട്ടർ അതോരിറ്റി നൽകിയ അനുമതി പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നാണ് മിൽമയുടെ വിശദീകരണം.
കൊടുമൺ, അങ്ങാടിക്കൽ.,വള്ളിക്കോട് പദ്ധതിയിൽ നിന്നാണ് മൂന്ന് വില്ലേജുകളിലെ നൂറ്കണക്കിന് ആളുകൾക്ക് കുടിവെള്ളമെത്തിക്കുന്നത്. ചൂട് കനത്തതോടെ ഈ മേഖലകളിൽ കടുത്ത വരളർൾച്ചയും അനുഭവപ്പെട്ടു തുടങ്ങി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മിൽമ സ്വന്തമായി റോഡ് കുഴിച്ച് ശുദ്ധജല പദ്ധതിയിലെ വെള്ളം എടുക്കാൻ പൈപ്പ് സ്ഥാപിച്ചത്. അഞ്ച് ലക്ഷം ലിറ്റർ മാത്രം സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കിൽ നിന്ന് മിൽമയെ വെള്ളം എടുക്കാൻ അനുവധിക്കില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
വാട്ടർ അതോരിറ്റിയുടെ കോന്നി സബ്ബ് ഡിവിഷൻ ഓഫീസിൽ നിന്നാണ് മിൽമയ്ക്ക് വെള്ളം എടുക്കാൻ അനുമതി നൽകിയത്. മിൽമയിലെ ക്യാന്റീൻ, ചില്ലറ വിൽപ്പനശാല, ഓഫീസ് എന്നിവിടങ്ങളിലേക്കായി ഗാർഹിക കണക്ഷനാണ് അനുവദിച്ചിരിക്കുന്നത്. പ്രതിദിനം 15000 ലിറ്റർ വെള്ളം മാത്രമാണ് എടുക്കുന്നതെന്നും മിൽമ അവകാശപ്പെടുന്നു. മൂന്ന് കുളങ്ങളും ഒരു കുഴൽക്കിണറും പ്ലാന്റിനുളളിലുണ്ട്. വേനലായതോടെ ഇവിടെ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാതെ വന്നതോടെയാണ് വാട്ടർ അതോരിറ്റിയെ സമീപിച്ചത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുമായി മിൽമ തർക്കത്തിലായതോടെ സംസ്ഥാന തലത്തിലെ സിഐടിയു നേതാക്കൾ ഇടപെട്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളും തുടങ്ങി.