
കൊച്ചി: ഷട്ടർ ഘടിപ്പിച്ച ബസിന് പകരം ഗ്ലാസ് വിൻഡോ ബസ് നൽകിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതോടെ പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സർവീസ് മുടങ്ങി. സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി ശുപാർശ ചെയ്തതായി അധികൃതർ വിശദമാക്കി.കോതമംഗലം ഡിപ്പോയിൽ നിന്ന് രാവിലെ 6.50ന് പുറപ്പെടേണ്ട പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിന്റെ സർവീസാണ് തടസപ്പെട്ടത്. സ്ഥിരമായി ഷട്ടർ ഘടിപ്പിച്ച ബസിലാണ് ഡ്രൈവർ സർവീസ് നടത്തിയിരുന്നത്. പകരം ഗ്ലാസ് വിൻഡോ ബസ് അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ചതോടെ കണ്ടക്ടറുടെയും ഡ്യൂട്ടി തടസ്സപ്പെട്ടു.
പുതുതായി നിരത്തിലിറക്കുന്ന ബസുകളിലൊക്കെയും ഗ്ലാസ് വിൻഡോകളാണുള്ളതെന്നും ഷട്ടർ സംവിധാനം പഴയ ബസുകളിലേ ഉള്ളുവെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർമാരുടെ ഡ്യൂട്ടി ചുമതലയുള്ള വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ട് എടിഒ മുഖേന മേലുദ്യോഗസ്ഥർക്ക് കൈമാറി. സംഭവം വിവാദമായതോടെ അസുഖം മൂലമാണ് പോയതെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റോട് കൂടി ഡ്രൈവർ ഡിപ്പോ അധികൃതർക്ക് ഇ-മെയിൽ അയച്ചതായും വിവരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam