
മലപ്പുറം: മലപ്പുറം പോത്തുകല്ലില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
ഉപ്പട മലച്ചി ആദിവാസി കോളനിയിലെ രമണി (26) യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സുരേഷ് മദ്യപിച്ചെത്തിയായിരുന്നു വഴക്കു കൂടിയത്. വഴക്കിനിടെ സുരേഷ് തടിക്കഷണം കൊണ്ട് രമണിയുടെ തലയില്‍ അടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ പ്രഹരമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ ഇന്‍ക്വസ്റ്റില്‍ പറയുന്നത്.
സംഭവത്തിന് ശേഷം സുരേഷ് തന്നെയാണ് അടുത്തുള്ള വീട്ടില്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുരേഷും രമണിയും തമ്മില്‍ നിരന്തരം വഴക്കു പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. സുരേഷിന് വേറെയും രണ്ടു ഭാര്യമാരുണ്ട്. ഇതുമായി ബന്ധപ്പെട്ട വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പത്തനംതിട്ട പന്തളത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിലായെന്നതാണ്. വീട്ടമ്മ നൽകിയ പരാതിയില്‍ 45 വയസുള്ള പ്രതിയാണ് അറസ്റ്റിലായത്. കടയ്ക്കാട് കുമ്പഴയിൽ പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന ഷാജിയാണ് കേസിലെ പ്രതി. ശനിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ഇയാൾ അത്രിക്രമിച്ച് കയറി പീഡനം നടത്തുകയായിരുന്നു. വായിൽ തുണി തിരുകിയായിരുന്നു പീഡനം. ഭയം കാരണം ഇവർ ആദ്യം സംഭവം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും കാണണം എന്ന് പറഞ്ഞതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്.