അജ്ഞാതരോഗം; മാന്നാറില്‍ താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തു

By Web TeamFirst Published Feb 18, 2020, 10:30 PM IST
Highlights

തോമസ് തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ വിവരമറിയിച്ചതിനെ തുടർന്നു അവിടെനിന്നുമെത്തിയ സംഘം പരിശോധന നടത്തുകയും വിദഗ്ധ പരിശോധനയ്ക്കായി ജീവനുള്ളതും ചത്തതുമായ താറാവിൻ കുഞ്ഞുങ്ങളെ കൊണ്ടു പോയിട്ടുണ്ട്.

മാന്നാർ: പാവുക്കരയിൽ അയ്യായിരത്തോളം താറാവിൻ കുഞ്ഞുങ്ങൾ ചത്തു. അജ്ഞാതരോഗം മൂലമാണ് താറാവ് കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് സംശയം. മാന്നാർ പടിഞ്ഞാറു കണ്ടങ്കേരി പാടശേഖരത്തിന് സമീപമുള്ള പുരിയിടത്തിൽ കൂടുണ്ടാക്കിയ പാർപ്പിച്ചിച്ചിരിക്കുന്ന പാവുക്കര മാനാമ്പടവിൽ ടി കെ തോമസിന്റെ ഉടമയിലുള്ള 18 ദിവസം പ്രായമായ താറാവിൻ കുഞ്ഞുങ്ങളാണ് മൂന്നു ദിവസം കൊണ്ടു ചത്തത്. 

ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയിൽ നിന്നും രണ്ടാഴ്ച മുൻപ് വിലയ്ക്കു വാങ്ങിയതാണ് താറാവ് കുഞ്ഞുങ്ങളെ. ഒരാഴ്ച മുൻപ് മുതൽ ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങൾ കണ്ടിരുന്നു. പിന്നീട് ഘട്ടംഘട്ടമായിട്ടാണ് താറാവിൻകുഞ്ഞുങ്ങൾ ചത്തതായി കണ്ടു തുടങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ടാണ് ഇത്രയുമധികം താറാവിൻ കുഞ്ഞുങ്ങൾ ചത്തത്. 

തോമസ് തിരുവല്ല മഞ്ഞാടിയിലെ ലബോറട്ടറിയിൽ വിവരമറിയിച്ചതിനെ തുടർന്നു അവിടെനിന്നുമെത്തിയ സംഘം പരിശോധന നടത്തുകയും വിദഗ്ധ പരിശോധനയ്ക്കായി ജീവനുള്ളതും ചത്തതുമായ താറാവിൻ കുഞ്ഞുങ്ങളെ കൊണ്ടു പോയിട്ടുണ്ട്. ഏതോ അജ്ഞാത വൈറസ് ബാധയാണ് മരണ കാരണമെന്നാണ് വെറ്ററിനറി സർജൻമാർ പ്രാഥമിക വിലയിരുത്തൽ. അവരുടെ നിർദേശപ്രകാരം ശേഷിക്കുന്ന 2500 കുഞ്ഞുങ്ങൾക്കു കുത്തിവെയ്പ്പു എടുത്തു. ചത്ത താറാവിൻ കുഞ്ഞുങ്ങളെ മറവു ചെയ്തു. 

click me!