
ഇടുക്കി: മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ മാറി ദളിത് വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ലക്ഷ്മി ഹരിജന്‍ കോളനിയില്‍ നിന്നും കല്ലാര്‍ വഴി അടിമാലിയിലെത്താനുള്ള റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് പകരം സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ ഫണ്ട് വകമാറ്റി പുതിയ റോഡ് നിര്‍മ്മിക്കല്‍ പരാതിയെക്കുറിച്ച് അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ഇടുക്കി ജില്ലാ കളക്ടര്‍,പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ നാലാഴ്ചക്കകം പരാതിയെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശിച്ചു. ലക്ഷ്മി കോളനിയില്‍ നിന്നും അടിമാലിയിലേക്കുള്ള റോഡിലെ പുന്നപ്പാലം കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് റോഡ് പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ രണ്ടര കോടി അനുവദിച്ചു.
എന്നാല്‍ തല്‍പ്പരകക്ഷികള്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി വില്‍പ്പനക്ക് വേണ്ടി ഒത്താശ ചെയ്യുന്നതിന് സ്വകാര്യ വസ്തുവിലൂടെ പുതിയ റോഡ് നിര്‍മ്മിക്കാനുള്ള നീക്കം നടത്തുകയാണെന്ന് കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. ഇതിന് വേണ്ടി കാടു വെട്ടിത്തെളിച്ചു. പഴയ റോഡ് ഉപയോഗ യോഗ്യമല്ലാതാക്കി പുതിയ റോഡ് നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. തൊടുപുഴ റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ 45 കേസുകള്‍ പരിഗണിച്ചു. 28 കേസുകള്‍ തീര്‍പ്പാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam