
ഇടുക്കി: ഇടുക്കിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സ്വത്ത് തര്‍ക്ക പരാതികള്‍ വര്‍ധിക്കുന്നു. ജില്ലയില്‍ സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്ന സ്വത്ത് തര്‍ക്ക പരാതികള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മിഷന്‍ നടത്തിയ മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കുടിയേറ്റ ജില്ലയായതിനാല്‍ പലര്‍ക്കും വലിയ തോതില്‍ ഭൂസ്വത്തുണ്ട്. മാത്രമല്ല മിക്ക കുടുംബങ്ങളിലും അംഗസംഖ്യയും കൂടുതലാണ്. മക്കളുടെ സ്വത്ത് തര്‍ക്കത്തില്‍ നട്ടം തിരിയുന്നത് മാതാപിതാക്കളാണ്. ഇവരെ ആര് നോക്കും എന്നതിനെച്ചൊല്ലിയാണ് പലപ്പോഴും തര്‍ക്കം. കമ്മിഷനു മുമ്പാകെ വന്ന പരാതികളില്‍ 95 ശതമാനവും പ്രത്യക്ഷമായോ പരോക്ഷമായോ സ്വത്തവകാശവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സ്വത്ത് വേണ്ടത്ര കിട്ടാത്ത മക്കള്‍ മാതാപിതാക്കളെ നോക്കാന്‍ തയാറാകുന്നില്ല. രക്തബന്ധങ്ങള്‍ പോലും മറന്നാണ് മിക്കപ്പോഴും സഹോദരങ്ങള്‍ പെരുമാറുന്നത്. കമ്മിഷന്റെ മുന്നില്‍ എത്തുമ്പോള്‍ പോലും അന്യരെപ്പോലെ പെരുമാറുന്നു. സ്വത്തിനോടുള്ള ആസക്തി രക്തബന്ധത്തെ മറയ്ക്കുമെന്ന മാര്‍ക്‌സിന്റെ വചനം ശരിവയ്ക്കുന്ന തരത്തിലുള്ള സമീപനമാണ് പലരും അനുവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഒരു പരാതി ഇത്തരത്തിലുള്ളതിന് ഉദാഹരണമായി ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി. മൂന്ന് സഹോദരന്‍മാരുടെ ഒരേ ഒരു സഹോദരിക്ക് അമ്മയുടെ അവകാശ സ്വത്ത് മുഴുവന്‍ എഴുതിക്കൊടുത്തതാണ് വിഷയം. ഇളയ മകന്‍ അമ്മയെ നോക്കാന്‍ തയാറാണ്. ഇവിടെ മാതാവ് മകളോട് കാട്ടിയ അമിത സ്‌നേഹമാണ് സഹോദരങ്ങള്‍ പരാതിക്കിടെ നല്‍കിയത്. മാതാവ് വസ്തു തുല്യമായി വീതിച്ചു നല്‍കേണ്ടിയിരുന്നുവെന്ന് കമ്മിഷന്‍ വിലയിരുത്തി. ഒരു മകന്‍ അമ്മയെ നോക്കാനും സന്നദ്ധനാണ്. എന്നാല്‍ മേലാദായം അദ്ദേഹത്തിന് കിട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു. അമ്മയ്ക്ക് മാസം 1000 രൂപ വീതം നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്തായാലും അമ്മയെ 15 ദിവസം മകളുടെ കൂടെ വിട്ട കമ്മിഷന്‍ പരാതി അടുത്ത സിറ്റിംഗില്‍ അന്തിമ തീരുമാനത്തിനു മാറ്റിവച്ചു.
വിവാഹബന്ധം വേര്‍പെടുത്തിയ പ്രായമായ എന്‍ആര്‍ഐ ദമ്പതികളില്‍ ഭാര്യയുടെ സംരക്ഷണ ചുമതലക്കാരന് വസ്തു അവകാശം നല്‍കണമെന്ന ബന്ധുക്കളുടെ അപൂര്‍വ്വമായ പരാതിയില്‍ കമ്മിഷന്‍ ഒത്തുതീര്‍പ്പിന് മധ്യസ്ഥനെ നിയോഗിച്ചു. തനിക്ക് സ്വത്ത് ഒന്നും വേണ്ടെന്ന നിലപാടിലാണ് സംരക്ഷകന്‍. താന്‍ അഞ്ചുലക്ഷം നല്‍കിയെന്നാണ് സ്ത്രീ പറഞ്ഞത്. എന്നാല്‍ ഈ തുക വീട് സംരക്ഷണ സംവിധാനത്തിനും സി സി ക്യാമറ ഉള്‍പ്പെടെ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മാത്രമാണ് സംരക്ഷകന്‍ ചെലവാക്കിയതെന്ന് രേഖകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഈ പരാതി നാലാം തവണയാണ് കമ്മിഷനു മുന്നിലെത്തുന്നത്. സ്ഥലം കയ്യേറ്റം, മറ്റ് ഗാര്‍ഹിക സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരാതികളും പരിഗണനയ്ക്കു വന്നു. പൊലീസ് നടപടിക്കെതിരേ ഒരു പരാതിയും ലഭിച്ചു. ആകെ 100 പരാതികളാണ് ലഭിച്ചത്. ഇതില്‍ 32 മാറ്റിവച്ചു. മുന്നെണ്ണം പൊലീസിന്റെ പരിഗണനയ്ക്ക് വിട്ടു. 65 തീര്‍പ്പാക്കിയെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam