
കായംകുളം: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധമുയർത്തി സിപിഎം. കൊലപാതകത്തിൽ ആർഎസ്എസിന് ബന്ധമുണ്ടെന്നാണ് സിപിഎം ആരോപണം. ആർഎസ്എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
അമ്പാടിയുടെ വീട്ടിലെത്തി എം വി ഗോവിന്ദൻ കുടുംബാംഗങ്ങളെ കണ്ടു. അമ്പാടിയുടെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായംകുളത്തിന്റെ പരിസരപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു നാളുകളായി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ട് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് ഡിവൈഎഫ്ഐ കൈകൊണ്ടിരുന്നു.
ഈ വൈരാഗ്യമാണ് അമ്പാടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ഇടതടവില്ലാത്ത ജാഗ്രത ഡിവൈഎഫ്ഐ തുടരും. മയക്കു മരുന്നിനെതിരെയും അതിന്റെ വിതരണ സംഘങ്ങൾ സൃഷ്ടിക്കുന്ന അരാജകത്വത്തിനെതിരെയും ശക്തമായ പൊതുബോധം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വത്തിനായി പൊതിച്ചോറ് തയാറാക്കുന്ന അമ്പാടിയുടെ വീഡിയോ മന്ത്രിമാർ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നവനെയാണ് ഇല്ലാതാക്കിയതെന്നാണ് വി ശിവൻകുട്ടി കുറിച്ചത്.
ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗം അമ്പാടിയെയാണ് നാലംഗ ക്രിമിനൽ ക്വട്ടേഷൻ സംഘം നടുറോഡിൽ വെട്ടിക്കൊന്നത്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് അമ്പാടി. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരികേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ കഴുത്തിനും കൈക്കുമാണ് വെട്ടേറ്റത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam