ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്യാം; നിപാ പ്രതിരോധത്തിന് സോഫ്റ്റ്‍വെയര്‍ തയ്യാര്‍

By Web TeamFirst Published Sep 8, 2021, 6:39 AM IST
Highlights

 ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ഭാവിയില്‍ എല്ലാ സാംക്രമികരോഗങ്ങളുടെയും വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു

കോഴിക്കോട്: നിപ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇ- ഹെല്‍ത്ത് റിയല്‍ ടൈം നിപ മാനേജ്‌മെന്‍റ്  സോഫ്റ്റ്‍വെയര്‍ തയ്യാറാക്കി.  ഫീല്‍ഡുതല സര്‍വ്വേക്ക് പോകുന്നവര്‍ക്ക് വിവരങ്ങള്‍ അപ്പപ്പോള്‍ സോഫ്റ്റ്‍വെയറില്‍ ചേര്‍ക്കാനാകും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സോഫ്റ്റ്‍വെയര്‍ പുറത്തിറക്കി. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയാണ് രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.

ഭാവിയില്‍ എല്ലാ സാംക്രമികരോഗങ്ങളുടെയും വിവരങ്ങളും ഇതുവഴി ശേഖരിക്കാനും സൂക്ഷിക്കാനുമാകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ ആര്‍ വിദ്യ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, ഡിപിഎം ഡോ. എ നവീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിപ വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാന്‍ പ്രത്യേക ദൗത്യസംഘം ഇന്ന് രാവിലെ കോഴിക്കോട് ജില്ലയിലെത്തുന്നുണ്ട്. വൈറസ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.

ഇവയുടെ ആവാസ വ്യവസ്ഥക്കു നേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.  ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്കായി പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകളില്‍ രണ്ട് വോളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഹൗസ് സര്‍വയലന്‍സ് ആരംഭിച്ചു.

ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.  ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!