Latest Videos

വനത്തിനുള്ളില്‍ 620 ക്യാമറകള്‍; വയനാടന്‍ കാടുകളിലെ കടുവ സെന്‍സസ് തുടങ്ങി

By Web TeamFirst Published Sep 7, 2021, 10:57 PM IST
Highlights

ക്യാമറ സ്ഥാപിച്ച് ഒരുമാസം കഴിഞ്ഞ ഇവ തിരിച്ചെടുത്ത് അതിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്. കടുവകളുടെ എണ്ണം ശാസ്ത്രീയമായി വിശകലനം ചെയ്യും. ശരീരത്തിലെ വരകള്‍, വലുപ്പം, നിറവ്യത്യാസം തുടങ്ങിയവ കണക്കെടുപ്പിനായി പരിശോധിക്കും.
 

കല്‍പ്പറ്റ: ലോകത്തെ കടുവകളുടെ ഏറ്റവും നല്ല ആവാസ വ്യവസ്ഥയില്‍പെട്ട നീലഗിരി ജൈവ മണ്ഡലത്തിലുള്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ കണക്കില്‍ പറമ്പിക്കുളത്തെ പിന്നിലാക്കിയിരുന്നു വയനാട്. ഇത്തവണയും സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നാലു വര്‍ഷം കൂടുമ്പോള്‍ രാജ്യമൊട്ടാകെ നടത്തുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് വയനാട്ടിലെ കടുവകളുടെയും കണക്കെടുക്കുന്നത്. 2018 ലായിരുന്നു അവസാന സെന്‍സസ്. 2022ലെ സെന്‍സസിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. 

വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട് ഡിവിഷന്‍, സൗത്ത് വയനാട് ഡിവിഷന്‍ എന്നിവിടങ്ങളിലായി നടത്തുന്ന കണക്കെടുപ്പിനായി 620 ക്യാമറകളാണ് ഉപയോഗിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ നാല് റെയ്ഞ്ചുകളിലായി 201 കേന്ദ്രങ്ങളിലും നോര്‍ത്ത് ഡിവിഷനിലെ മൂന്ന് റെയ്ഞ്ചുകളിലെ 57 കേന്ദ്രങ്ങളിലും സൗത്ത് ഡിവിഷനിലെ നാല് റെയ്ഞ്ചുകളിലായുള്ള 52 കേന്ദ്രങ്ങളിലുമാണ് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഒരു ജോഡി ക്യാമറകളാണ് സ്ഥാപിക്കുക.മൃഗങ്ങളുടെ സഞ്ചാരപാതകളില്‍ ഇരുഭാഗത്തുമായി സ്ഥാപിച്ച ക്യാമറകള്‍ കടുവകള്‍ മുന്നിലെത്തുന്ന മാത്രയില്‍ സെന്‍സര്‍ പ്രവര്‍ത്തിപ്പിച്ച് ചിത്രങ്ങളെടുക്കും. 20 മെഗാപിക്സല്‍ മിഴിവുള്ള ക്യാമറകളില്‍ 32 ജി.ബി മെമ്മറിയും ഉണ്ട്. മൂന്നുമാസം വരെ ഉപയോഗശേഷിയുള്ള ബാറ്ററികളാണ് ഇവയിലുള്ളത്.

കടുവകളുടെ കണക്കെടുപ്പിനായി വയനാടന്‍ കാടുകളില്‍ ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിക്കുന്നു

ക്യാമറ സ്ഥാപിച്ച് ഒരുമാസം കഴിഞ്ഞ ഇവ തിരിച്ചെടുത്ത് അതിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്. കടുവകളുടെ എണ്ണം ശാസ്ത്രീയമായി വിശകലനം ചെയ്യും. ശരീരത്തിലെ വരകള്‍, വലുപ്പം, നിറവ്യത്യാസം തുടങ്ങിയവ കണക്കെടുപ്പിനായി പരിശോധിക്കും. വനത്തിനുള്ളിലെ ക്യാമറകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കാനും മഴകാരണം തകരാറിലാകാനും സാധ്യതയുള്ളതിനാല്‍ കൃത്യമായ ഇടവേളകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവ പരിശോധിക്കും. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ടൈഗര്‍ മോണിറ്ററിങ് സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് വയനാട്ടിലെ സെന്‍സസ്. വയനാട്ടിലെ വനംവകുപ്പിന് ക്യാമറ ട്രാപ്പുകള്‍ കുറവായതിനാല്‍ കൂടുതല്‍ ക്യാമറകളും പറമ്പിക്കുളം ടീം എത്തിച്ചിട്ടുണ്ട്. 

കഴിഞ്ഞ തവണത്തെ കണക്കെടുപ്പില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. 2014ല്‍ അത് 82 ആയിരുന്നു. ഇത്തവണയും കടുവകളുടെ എണ്ണം കൂടുമെന്ന് തന്നെയാണു നിഗമനം.  മുന്‍പ് കാല്‍പാടുകളും കാഷ്ഠങ്ങളും നഖം കൊണ്ടു മാന്തിയ പാടുകളുമൊക്കെയായായിരുന്നു സെന്‍സസിനായി പരിഗണിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ക്യാമറകള്‍ കണക്കെടുപ്പിനായി ഉപയോഗിച്ച് തുടങ്ങുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!