
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അധ്യായന വർഷം ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉത്രാടം ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ശിവൻകുട്ടിയും കുട്ട്യോളും എന്ന പരിപാടിയിലായിരുന്നു പുതിയ നിർദ്ദേശത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്. ശിവൻകുട്ടിയും കുട്ട്യോളും എന്ന പരിപാടി ഇന്ന് വൈകിട്ട് 4.30 ന് ഏഷ്യാനൈറ്റ് ന്യൂസില്‍ പ്രക്ഷേപണം ചെയ്യും.
സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റണമെന്ന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിർദ്ദേശം നേരത്ത ചര്‍ച്ചയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം. കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള നിർദ്ദേശം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
സ്കൂളിലെ ബാക്ക് ബെഞ്ച് എന്ന സങ്കൽപ്പം മാറ്റുന്നത് സംബന്ധിച്ചും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം മുന്നോട്ട് വെച്ചിരുന്നു. നല്ല മാറ്റം വേണമെന്നും ഇക്കാര്യത്തിൽ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അവധിക്കാല മാറ്റ നിർദേശത്തിന് പിന്നാലെ പുതിയ ആശയം മന്ത്രി പങ്കുവെച്ചത്.