
അമ്പലപ്പുഴ: സിപിഐ (എം) പ്രവര്‍ത്തകരെ വെട്ടി കൊലപ്പെട്ടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ബാലാലയം വീട്ടില്‍ പ്രസന്നകുമാര പിള്ളയുടെ മകന്‍ പ്രജീഷ് (34), തകഴി 11-ാം വാര്‍ഡ് കിഴക്കേ തയ്യില്‍ വേണുഗോപാലന്‍റെ മകന്‍ അര്‍ജുന്‍ (24), തകഴി 3-ാം വാര്‍ഡില്‍ കുന്നേല്‍ രമേശ് കുമാറിന്‍റെ മകന്‍ രജീഷ് കുമാര്‍ (28), തകഴി 12-ാം വാര്‍ഡില്‍ ആശാരിപറമ്പ് വീട്ടില്‍ ശ്രീകുമാറിന്‍റെ മകന്‍ ശ്രീരാജ് (23), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 5-ാം വാര്‍ഡില്‍ കലിക്കോട് വീട്ടില്‍ പ്രദീപ് (29), പുന്നപ്ര തെക്കു പഞ്ചായത്ത് 4-ാം വാര്‍ഡ് കണിച്ചുകാട് വീട്ടില്‍ കുട്ടപ്പന്‍റെ മകന്‍ ഗിരീഷ് (36), സുധീഷ് ഭവനില്‍ സുധാകരന്‍റെ മകന്‍ സുധീഷ് കുമാര്‍ (30) , കുന്നേല്‍ കാട്ടുമ്പുറം വീട്ടില്‍ ഉണ്ണികൃഷ്ണന്‍റെ മകന്‍ ഗോപീകൃഷ്ണന്‍ (23) എന്നിവരെയാണ് അമ്പലപ്പുഴ സിഐ എം കെ മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തു നിന്നുമാണ് ഗോപീകൃഷ്ണനൊഴികെയുള്ള എഴുപേര്‍ പിടിയിലായത്. ഗോപീകൃഷ്ണനെ ഇയാളുടെ വീട്ടില്‍ നിന്ന് തിങ്കളാഴ്ച പൊലീസ് അറസ്റ്റു ചെയ്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാത്രി 9.30 ഓടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്ക് ഞൊണ്ടിമുക്കിന് സമീപം സിപിഐ (എം) പ്രവര്‍ത്തകരായ ജന്‍സണ്‍ ജോഷ്വാ (33), പ്രജോഷ് കുമാര്‍ (30) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്.
വടിവാളിനുള്ള വെട്ടും ഇരുമ്പുദണ്ഡിനുള്ള അടിയുമേറ്റ ഇരുവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവ ദിവസം രാത്രി അമ്പലപ്പുഴ ഗവ.കോളേജിന് തെക്കുഭാഗത്തുനിന്ന് പൊലീസ് കണ്ടെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ബൈക്കിന്‍റെ ഉടമ ഗോപീകൃഷ്ണന്‍ കസ്റ്റഡിയിലായതോടെയാണ് മറ്റ് പ്രതികളിലേക്കും പൊലീസ് എത്തിയത്. ഒപ്പം കരൂര്‍ പെട്രോള്‍ പമ്പിനു സമീപത്തെ വീട്ടില്‍ നിന്ന് 8 ബൈക്കുകള്‍ കൂടി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ഈ സമയം പൊലീസിന് നേര്‍ക്കും അക്രമികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജന്‍സണും പ്രജോഷിനും നേര്‍ക്കുണ്ടായ അക്രമം നടന്ന തിങ്കളാഴ്ച രാത്രി ജില്ലാ പൊലീസ് മേധാവി കെ എം ടോമിയും, ഡിവൈഎസ്പി പി വി ബേബിയും സ്ഥലത്തെത്തി പരിശോധന നടത്തി. സയന്‍റിഫിക്ക് ഓഫീസര്‍ അഖിലയുടെ നേത്യത്വത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്തി. ഇതിനെ തുടര്‍ന്നാണ് അക്രമികളിലേക്ക് വേഗത്തിലെത്താന്‍ സഹായകരമായത്. കേസിലുള്‍പ്പെട്ട ബാക്കി പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലിസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam