വീട്ടിൽ താമസം തുടങ്ങി എട്ടാം മാസം തീപിടിത്തം, അമ്മ മരിച്ചു, നാല് പേർ രക്ഷപ്പെട്ടത് രണ്ടാം നിലയിൽ നിന്ന് ചാടി

Published : Feb 24, 2023, 11:31 PM IST
വീട്ടിൽ താമസം തുടങ്ങി എട്ടാം മാസം തീപിടിത്തം, അമ്മ മരിച്ചു, നാല് പേർ രക്ഷപ്പെട്ടത് രണ്ടാം നിലയിൽ നിന്ന് ചാടി

Synopsis

മണിമലയിൽ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണ മരണം. വിഷപ്പുക ശ്വസിച്ച് ബോധരഹിതനായ ഭർത്താവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ച് വയോധികയ്ക്ക് ദാരുണ മരണം. വിഷപ്പുക ശ്വസിച്ച് ബോധരഹിതനായ ഭർത്താവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് വയോധിക ദമ്പതികളുടെ മകനും ഭാര്യയും രണ്ടു മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടത്.

മണിമല ടൗണിൽ ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ പാറവിളയിൽ വീട്ടിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടർന്നു. ഈ സമയം 70- കാരിയായ രാജവും ഭർത്താവായ 76- കാരൻ സെൽവരാജും താഴത്തെ നിലയിലുണ്ടായിരുന്നു. മകൻ വിനീഷും ഭാര്യ ലോഹ്യയും പത്തും ഒമ്പതും വയസുള്ള മക്കളും മുകൾ നിലയിലായിരുന്നു. 

കാഴ്ച മറയ്ക്കും വിധം വീട് നിറയെ തീയും പുകയും ഉയർന്നതോടെ വിനീഷ് മാതാപിതാക്കളെ രക്ഷിക്കാൻ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ വിനീഷിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീടിന്റെ വാതിൽ തകർത്താണ് രാജത്തെയും സെൽവരാജിനെയും പുറത്തിറക്കിയത്. രോഗിയായിരുന്ന രാജം ചൂടും പുകയുമേറ്റ് അപ്പോഴേക്ക് മരിച്ചിരുന്നു.

Read more: മണിമലയിൽ വീടിന് തീപിടിച്ച് അമ്മ മരിച്ചു, അച്ഛനും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ

നാട്ടുകാർ ചേർന്ന് വീടിനു താഴെ നിന്ന ശേഷം വിനീഷിന്റെ ഭാര്യയെയും മക്കളെയും മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിച്ച് രക്ഷപ്പെടുത്തി. ഇടുങ്ങിയ വഴിയിലൂടെ ഫയർഫോഴ്സ് വാഹനത്തിന് കയറാൻ കഴിയാതിരുന്നതും രക്ഷാ ദൗത്യം ദുഷ്കരമാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായുള്ള ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്. എട്ടു മാസം മുമ്പാണ് കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ