
ഗുരുവായൂർ: ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. വെള്ളത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ, വയോധിക ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തിലും കവിളിലും പാടുകളുണ്ട്. വായ പൊത്തിപ്പിടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്താൽ ഉണ്ടാകാവുന്ന തരത്തിലുള്ള പാടുകളാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്.
വയോധിക മരിച്ചെന്ന് കരുതി കിണറ്റിൽ കൊണ്ടുവന്നിട്ടു എന്നായിരുന്നു പ്രതിയായ സുരേഷ് നേരത്തെ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ മരണത്തിന് മുൻപ് പ്രതി വയോധികയെ ക്രൂരമായി ഉപദ്രവിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് തുടരന്വേഷണം നടത്തും. നിലവിൽ റിമാൻഡിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്‍ ദിവസം രാത്രിയാണ് വാടകക്കെട്ടിടത്തിലെ കിണറ്റിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരു മദ്യപാന സദസ്സിൽ വെച്ച് സുഹൃത്തിനോടാണ് പ്രതിയായ സുരേഷ് ഈ കൊലപാതക വിവരം വെളിപ്പെടുത്തിയത്. സുഹൃത്ത് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam