നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ക്രൂരകൃത്യങ്ങൾ കാരണം പോത്തുണ്ടി ബോയൻ കോളനി നിവാസികൾ ഭയന്ന് കഴിയുകയാണ്, പലരും ഗ്രാമം വിട്ടുപോയി. കോടതിയെ വെല്ലുവിളിച്ച പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാടും ഇരകളുടെ കുടുംബവും.

നെന്മാറ: ചെന്താമര നടത്തിയ ഇരട്ടക്കൊലപാതകങ്ങളോടെ പോത്തുണ്ടി ബോയൻ കോളനിവാസികളെല്ലാം ഏറെ പേടിയോടെയാണ് ഇവിടെ കഴിയുന്നത്. അയൽ വാസിയായ പുഷ്പയെ പോലെ നിരവധി പേർ ഭയം കാരണം നാടുവിട്ടു പോയി. നെല്ലിയാമ്പതി മലയോരത്തെ വളരെ സാധാരണക്കാരായ ആളുകൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ബോയൻ കോളനി, ഈ ഗ്രാമത്തിൻ്റെ മുഴുവൻ തലവരയും മാറ്റി മറിച്ചത് ചെന്താമര എന്ന കൊടും കുറ്റവാളിയാണ്. 2019 ൽ കൊലപ്പെടുത്തിയത് അയൽ വാസിയും ഭാര്യയുടെ സുഹൃത്തുമായ സജിതയെ. 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും നടുറോഡിൽ വെട്ടിക്കൊന്നു. ഇനിയുമേറെ പേർ ലിസ്റ്റിലുണ്ടെന്ന് കോടതി വരാന്തയിൽ ചെന്താമര പലപ്പോഴായി ഭീഷണി മുഴക്കി. ആദ്യം നാടുവിട്ടത് ശാരീരിക പരിമിതിയുള്ള പുഷ്പയാണ്. കൂലിപണിയെടുത്ത് അധ്വാനിച്ചുണ്ടാക്കിയ വീട് ഉപേക്ഷിച്ച് പുഷ്പ തമിഴ്നാട്ടിലാണ്. സുധാകരന്റേയും ബന്ധുവിന്റേയും വീടുകളും. പ്രതി ചെന്താമരയുടെ വീടും എല്ലാം അടഞ്ഞു കിടക്കുകുയാണ്. ഈ വഴി മുഴുവൻ കാടുപിടിച്ചു കിടക്കുകയാണ്. ഒരു നാട് മുഴുവൻ ഭയത്തിലാണ് കഴിയുന്നത്. ചെന്താമര ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ജീവനോടെ ആരൊക്കെ ഉണ്ടാകുമെന്ന് ആശകപ്പെടുന്ന അമ്മമാരെ കാണാം ഈ നാട്ടിൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കൊലക്കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന് തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ എന്നും വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നും കോടതി മുറിയിൽ വെച്ച് പ്രതി ഭീതിപ്പെടുത്തുന്ന രീതിയിൽ വെല്ലുവിളിച്ചു.

‘വേണമെങ്കിൽ തൂക്കിക്കൊന്നോളൂ’ എന്ന് കോടതിയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച് പ്രതി, ശിക്ഷാവിധി മറ്റന്നാൾ

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത 103-ാം വകുപ്പ് പ്രകാരമുള്ള കൊലക്കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് കോടതി ഓർമ്മിപ്പിച്ചപ്പോഴായിരുന്നു കോടതി മുറിയെയും മാധ്യമങ്ങളെയും സാക്ഷിയാക്കി പ്രതിയുടെ നാടകീയമായ വെല്ലുവിളിയും പരിഹാസവും അരങ്ങേറിയത്. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും തീർത്തും നിസ്സംഗ ഭാവത്തിലായിരുന്നു പ്രതി. "ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ താൻ ഗാന്ധിജിയല്ല" എന്ന് കോടതിയെ നോക്കി പരിഹസിച്ച പ്രതി, തനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ആക്രോശിച്ചു. "എന്റെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസ്സിലാകും. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തേണ്ടി വന്നാൽ കൊല്ലും" എന്നും ചെന്താമര ഭീതിപ്പെടുത്തുന്ന രീതിയിൽ വിളിച്ചുപറഞ്ഞു. ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും പെൺമക്കളായ അതുല്യയും അഖിലയും ഈ സമയം കോടതി മുറിയിലുണ്ടായിരുന്നു. എന്നാൽ, പ്രതി കോടതിയെയല്ല വെല്ലുവിളിച്ചതെന്നും മാധ്യമങ്ങളോടുള്ള വെറുപ്പാണ് ചെന്താമര പ്രകടിപ്പിച്ചതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയത്.

അപൂർവ്വങ്ങളിൽ അപൂർവ്വം; പരമാവധി ശിക്ഷയ്ക്ക് സാധ്യത 

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതിക്കെതിരെ സമർപ്പിച്ചിട്ടുള്ള ശക്തമായ ശാസ്ത്രീയ തെളിവുകൾ ചെന്താമരയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തുന്നത്. മാതാപിതാക്കളെയും അച്ഛമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് നിയമം നൽകുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മക്കളായ അതുല്യയും അഖിലയും ഉള്ളത്. കേസിൽ ബുധനാഴ്ച കോടതി അന്തിമ ശിക്ഷാവിധി പ്രഖ്യാപിക്കും.