
തിരൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാനുള്ള ശ്രമത്തിനിടെ താഴെ വീണ വൃദ്ധയെ രക്ഷിച്ച് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മലപ്പുറം തിരൂർ റയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിൻ നീങ്ങിയതിനു ശേഷം ട്രെയിനിൽ കയറാൻ ശ്രമിച്ച വൃദ്ധ, നില തെറ്റി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. എ.എസ്.ഐ ഉമേശനാണ് അവസരോചിതമായ ഇടപെടലിലൂടെ വൃദ്ധയെ രക്ഷിച്ചത്. ഞായറാഴ്ച്ച ഉച്ചക്കുണ്ടായ അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിരുന്നു.
സ്റ്റേഷനിൽ നിന്നും മുന്നോട്ട് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാനായി ഒരു കയ്യിൽ ബാഗും, ഒരു കൈയ്യിൽ കവറുകളുമായി ഒരു വയോധിക ആയാസപ്പെട്ട് ഓടി വരുന്നത് പുറത്തുവന്ന വീഡിയോയിൽ കാണണം. എന്നാൽ ഇത് കണ്ട് അപകടം മണത്ത എഎസ്ഐ ഇവരുടെ പിന്നാലെ ഓടിയെത്തി. എഎസ്ഐ ഉമേശൻ ഓടിയെത്തിയപ്പോഴേക്കും ട്രെയിനിന് അകത്തുണ്ടായിരുന്ന ആളുടെ കൈ പിടിച്ച് വയോധിക കയറാൻ ശ്രമിക്കുന്നതും പിന്നാലെ നില തെറ്റി വീഴുകയുമായിരുന്നു. ഓടിയെത്തിയ ഉമേശൻ ഇവരെ ട്രെയിന് അടിയിൽ പെടാതെ പ്ലാറ്റ് ഫോമിലേക്ക് വലിച്ച് കയറ്റുന്നത് വീഡിയോയിൽ കാണാം.
പൊലീസ് ഉദ്യോഗസ്ഥന്‍റെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകമാണ് ഒഴിവായത്. വയോധികയുടെ ജീവൻ രക്ഷിച്ച എഎസ്ഐ ഉമേശനെ അഭിനന്ദിച്ച് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് കയറരുതെന്നും, ഇത് അപകടം വിളിച്ച് വരുത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വീഡിയോ സ്റ്റോറി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam