
മലപ്പുറം: പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചക്ക് മുമ്പ് ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം. മൂത്ത മകൾ സതിദേവിയുടെ വീട്ടിലെ കിണറ്റിലായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിണറ്റിൽ വീണത്. നഴ്‌സറി ടീച്ചറായ മകൾ നഴ്‌സറിയിലേക്കും, ബേബിയുടെ ഭർത്താവ് രാധാകൃഷ്ണൻ അമ്പലത്തിലേക്കും പോയിരുന്നു.
രാധാകൃഷ്ണൻ തിരിച്ച് വീട്ടിൽ എത്തിയ സമയത്ത് ബേബിയെ കാണാനില്ലെന്ന് കണ്ട് തിരച്ചിൽ നടത്തിയപ്പോളാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊന്നാനി ഫയർഫോഴ്‌സും, പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കയായിരുന്നു. സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി. പെരുമ്പടപ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ നേതൃത്വം നൽകി.
അതേസമയം, പാലക്കാട്ട് എലപ്പുള്ളിയിൽ യുവാവിനെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റാണ് മരണം. കെണി വച്ച നാട്ടുകാരൻ ദേവസഹായം കസബ പോലിസ് സ്റ്റേഷനിൽ കീഴടങ്ങി. രാവിലെ കെണി പരിശോധിക്കാൻ വന്നപ്പോഴാണ് ഒരാൾ മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
സമാനമായ രീതിയിൽ കെണിയിൽ നിന്നും ഷോക്കേറ്റ നിരവധി സംഭവങ്ങളാണ് പാലക്കാട് ഉണ്ടാകുന്നത്. മുണ്ടൂരിൽ കെണിയിലെ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിലായി. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam