
തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയമർന്നു. കഴിഞ്ഞ ദിവസം കായിക താരങ്ങൾ മരണപ്പെട്ട അപകടത്തിന് പിന്നാലെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റിയിട്ടിരുന്ന കാറിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. പൊലീസുകാരും നാട്ടുകാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഫയർഫോഴ്സ് എത്തി തീ കെടുത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച പിരപ്പൻകോട് വച്ചായിരുന്നു അപകടം.
വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ബൈക്ക് യാത്രക്കാരായ ആദിത്യൻ, ജൂലി എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പൂർണമായും തകർന്ന കാർ രാവിലെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചത്. പിന്നാലെയായിരുന്നു തീപിടിത്തം.
ഇലട്രിക് കാർ വാങ്ങി മലപ്പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അന്ന് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് വയറിംഗിലുണ്ടായ തകരാറോ ഷോർട്ട് സർക്യൂട്ടോ ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് വിവരം. കാർ സ്റ്റേഷന് മുന്നിലേക്ക് എത്തിച്ച സമയത്ത് ബാറ്ററി ഭാഗത്ത് ഷോർട്ട് ഉണ്ടായിട്ടുണ്ടാകുമെന്നും പിന്നാലെ തീപിടിച്ചതാവാമെന്നുമാണ് ഫയർഫോഴ്സിന്‍റെ നിഗമനം. വാഹനം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. പിന്നീട് ആറ്റിങ്ങൽ, വെഞ്ഞാറമ്മൂട് സ്റ്റേഷനുകളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam