
കൊല്ലം: കൊല്ലം കുരീപ്പുഴയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി നിർമ്മിക്കാനുള്ള പ്ലാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിക്കായുളള ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായി.
കൊല്ലം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലാണ് മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി വരുന്നത്. കെഎസ്ഐഡിസി ആണ് നോഡല്‍ ഏജൻസി.
പദ്ധതിക്കായുള്ള കമ്പനിയെ കണ്ടെത്താനായുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ക്കു മുന്നോടിയായുള്ള പ്രീ ബിഡ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. ചൈന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോക്സ് ഗ്രീൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് , മഹാരാഷ്ട്രയിലെ ഓര്‍ഗാനിക് റീ സൈക്ലിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് , നോയിഡയില്‍ നിന്നുളള പില്ലര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇനി ടെണ്ടര്‍ നടപടികളിലേക്ക് കെഎസ്ഐഡിസി കടക്കും. ഈ മാസം അവസാനത്തോടെ രേഖകൾ ഹാജരാക്കി ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റുകള്‍ തുടങ്ങുക.
കൊല്ലം, കുരീപ്പുഴയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഏഴ് ഏക്കര്‍ സ്ഥലം കെഎസ്ഐഡിസിക്ക് 28 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിട്ടുളളത്. കൊല്ലം നഗരസഭയും കരുനാഗപ്പള്ളി, പരവൂര്‍, കൊട്ടാരക്കര എന്നീ മുനിസിപ്പാലിറ്റികളും ഏതാനം പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ മാതൃകയിലാണ് പ്ലാന്റ് വികസിപ്പിക്കുന്നത്. കൊല്ലം ജില്ലയില്‍ 200 ടണ്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam