
മൂന്നാർ: ഇടുക്കിയിലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചു. നിയന്ത്രണം പഴയ ഉത്തരവ് പോലെ എട്ട് വില്ലേജുകളിൽ മാത്രമാക്കി. ഉത്തരവനുസരിച്ച് ഇടുക്കിയിൽ പട്ടയ ഭൂമി എന്ത് ആവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എന്‍ഒസി വേണം എന്ന വിവാദ ഉത്തരവാണ് പിൻവലിച്ചത്.
ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ച് പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമാണ്. 2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് റവന്യൂ വകുപ്പിന്‍റെ എൻഒസി നിർബന്ധമാക്കിയത്. ഇത് ചട്ടമാക്കണമെന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി വരുത്തിയിരുന്നത്.
എന്നാൽ, ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്നും ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷം ഉയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എൻഒസി വേണമെന്ന ചട്ടം എടുത്ത് കളഞ്ഞ് കയ്യേറ്റക്കാരെ സഹായിക്കാനാണ് സർക്കാർ നീക്കമെന്നും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവിനെതിരെ അതൃപ്തിയുമായി സിപിഐയും രംഗത്തെത്തിയിരുന്നു. കാബിനറ്റ് ചർച്ച ചെയ്ത തീരുമാനമല്ല ഉത്തരവായി പുറത്തുവന്നതെന്നും ഉത്തരവിലെ അപാകത തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.
Read More: ഇടുക്കിയിലെ ഭൂപതിവ് ചട്ട ഭേദഗതി; പ്രതിപക്ഷത്തിനൊപ്പം പ്രതിഷേധവുമായി വ്യാപാരികളും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam