ശംഖ് മുഴങ്ങിയതിന് പിന്നാലെ ആനകൾ ഓട്ടം തുടങ്ങി, ഗുരുവായൂര്‍ ഗോപുരവാതിൽ കടന്ന് ഗോപീകണ്ണൻ കുതിച്ചെത്തി, ജേതാവ്

Published : Feb 21, 2024, 10:42 PM ISTUpdated : Feb 21, 2024, 10:43 PM IST
 ശംഖ് മുഴങ്ങിയതിന് പിന്നാലെ ആനകൾ ഓട്ടം തുടങ്ങി, ഗുരുവായൂര്‍ ഗോപുരവാതിൽ കടന്ന് ഗോപീകണ്ണൻ കുതിച്ചെത്തി, ജേതാവ്

Synopsis

പിന്നീട് മണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറിയതോടെ അവര്‍ മഞ്ജുളാല്‍വരെ ഓടിയെത്തി കുടമണികള്‍ ആനകളെ അണിയിച്ചു. 

തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണന്‍ ആനയോട്ടത്തില്‍ വിജയിയാകുന്നത്. ക്ഷേത്രനാഴികമണി മുന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശന്‍ അവകാശിയായ മാതേപ്പാട്ട് നമ്പ്യാര്‍ക്ക് കുടമണികള്‍ കൈമാറി. പിന്നീട് മണികള്‍ പാപ്പാന്മാര്‍ക്ക് കൈമാറിയതോടെ അവര്‍ മഞ്ജുളാല്‍വരെ ഓടിയെത്തി കുടമണികള്‍ ആനകളെ അണിയിച്ചു. 

കാര്‍ത്തിക് ജെ. മാരാര്‍ ശംഖ് മുഴക്കിയതോടെ ആനകള്‍ ഓട്ടം തുടങ്ങി. തുടക്കത്തിലേ ഗോപീകണ്ണനായിരുന്നു മുന്നില്‍. കുതിച്ചെത്തി ഗോപുര വാതില്‍ കടന്ന് ക്ഷേത്രത്തിനകത്തോക്ക് പ്രവേശിച്ചതോടെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

ആചാരപ്രകാരം ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ഗോപീകണ്ണനെ പാരമ്പര്യ അവകാശിയായ ചൊവ്വല്ലൂര്‍ നാരായണന്‍ വാര്യര്‍ ക്ഷേത്രത്തിനകത്ത് നിറപറയും നിലവിളക്കും ഒരുക്കി സ്വീകരിച്ചു. 10 ആനകളാണ് ഇത്തവണ ആനയോട്ട ചടങ്ങില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നാനകളാണ് ഓടി മത്സരിച്ചത്. കരുതലായി നിര്‍ത്തിയിരുന്ന പിടിയാന ദേവി രണ്ടാമതും കൊമ്പന്‍ രവികൃഷ്ണന്‍ മൂന്നാമതുമെത്തി. വിജയിയായ ഗോപീകണ്ണന്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. ബാക്കിയുള്ള ആനകള്‍ ക്ഷേത്രത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ വണങ്ങി തിരിച്ചുപോയി. 2003, 2004, 2009, 2010, 2016, 2017ലും ഗോപീകണ്ണന്‍ തന്നെയാണ് വിജയിയായത്.

2019ലും 20ലും ഗോപീകണ്ണന്‍ വിജയം നിലനിര്‍ത്തിയിരുന്നു. ഇനി ഉത്സവത്തിന് കൊടിയിറങ്ങുന്നതുവരെ ഗോപീകണ്ണന്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങില്ല. പാപ്പാന്‍ സുഭാഷ് മണ്ണാര്‍ക്കാടാണ് ആനയോട്ട സമയത്ത് മുകളിലിരുന്ന് ഗോപീ കണ്ണനെ നിയന്ത്രിച്ചത്. ഏഴുവര്‍ഷത്തോളമായി വെള്ളിനേഴി ഹരിനാരായണനാണ് ഗോപീകണ്ണന്റെ ചട്ടക്കാരന്‍.

ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി നടന്ന ആനയില്ലാ ശീവേലി ഭക്തിനിര്‍ഭരമായി നടത്തി. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ഇതോടെ തുടക്കമായി. ദിവസവും ആനപ്പുറത്തെഴുന്നള്ളുന്ന ഗുരുവായുരപ്പന്‍ വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ആനയില്ലാ ശീവേലിയായി എഴുന്നള്ളുന്നതെന്നാണ് സങ്കൽപം.  ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി ഗുരുവായുരപ്പന്റെ സ്വര്‍ണ തിടമ്പ് കൈകളിലേന്തി മുന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കി. ഭക്തര്‍ നാരായണനാമം ജപിച്ച് അനുഗമിച്ചു. ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന ഒരുകാലത്ത് ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെ ശീവേലി നടത്തേണ്ടി വന്നതിന്റെ സ്മരണ പുതുക്കല്‍ കൂടിയാണ് ഈ ചടങ്ങ്.

പുഷ്പന്റെ പരാതിയിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്; വ്യാജ വാർത്തയിൽ കലാപാഹ്വനാത്തിന് കേസെടുത്ത് പൊലീസ്

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം