തൊഴിലുറപ്പ് ജോലിയിൽ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് തങ്ങളുടെ ആദ്യ വിമാനയാത്രയ്ക്ക് ഒരുങ്ങുന്നു. കുടുംബശ്രീ അംഗങ്ങളായ ഇവർ, 70 വയസ്സുള്ളവർ ഉൾപ്പെടെ, കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന് തങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുകയാണ്.

തിരുവമ്പാടി: അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ സ്വപ്നങ്ങളുടെ ആകാശയാത്രയായി മാറുകയാണ് തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയത്ത്. മണ്ണിൽ പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും സ്വരൂപിച്ച മിച്ചം കാശുമായി 25 സാധാരണക്കാരായ സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ ആദ്യ വിമാനയാത്രയ്ക്ക് ഒരുങ്ങുകയാണ്. സ്കൂൾ കാലത്തെ ബാച്ചുകളും ആഡംബര ഫ്ലാറ്റുകളിലെ താമസക്കാരും വിനോദയാത്രകൾ പതിവാക്കുന്ന ഇക്കാലത്ത്, കഠിനാധ്വാനത്തിന്റെ കരുത്തുമായാണ് പൊന്നാങ്കയത്തെ ഈ 'പെൺപട' ആകാശപ്പറവകളാകുന്നത്. 

പൊന്നാങ്കയം വാർഡിലെ അഞ്ച് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങളാണ് ഈ സംഘത്തിലുള്ളത്. എല്ലാ വർഷവും പതിവ് വിനോദയാത്രകൾ പോകാറുണ്ടെങ്കിലും, രണ്ട് വർഷം മുൻപാണ് കോർഡിനേറ്ററായ ഷീബയുടെ മനസ്സിൽ വിമാനയാത്ര എന്ന ആശയം ഉദിക്കുന്നത്. സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞപ്പോൾ 25 പേർ ആവേശത്തോടെ കൂടെക്കൂടി. ഓരോ ദിവസവും തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന കൂലിയിൽ നിന്നും അല്പം മാറ്റിവെച്ചാണ് ഇവർ 6000 രൂപ വീതമുള്ള യാത്രാച്ചെലവ് കണ്ടെത്തിയത്.

70-ാം വയസ്സിൽ ആകാശയാത്ര; ജാനകിയും ശാന്തയും ആവേശത്തിൽ

സംഘത്തിൽ പ്രായം കുറഞ്ഞവർ മുതൽ 70 വയസ്സായ ജാനകിയും ശാന്തയുമടക്കമുള്ള മുതിർന്നവരുമുണ്ട്. ജീവിതകാലം മുഴുവൻ വീടിനും മക്കൾക്കും വേണ്ടി അധ്വാനിച്ച ഇവർക്ക്, വിമാനം എന്നത് അന്നും ഇന്നും ദൂരെയുള്ള ഒരു കൗതുകം മാത്രമായിരുന്നു. എന്നാൽ ജനുവരി 28-ന് ആ കൗതുകം യാഥാർത്ഥ്യമാകും. വിമാനം മുകളിൽ കൂടെ പോകുന്നത് നോക്കി നിന്നിട്ടേയുള്ളൂ, അതിനുള്ളിൽ കയറാൻ പോകുന്നു എന്ന് വിചാരിക്കുമ്പോൾ വലിയ സന്തോഷം'- യാത്രാസംഘത്തിലെ മുതിര്‍ന്നയാൾ തന്നെ പറയുന്നു. ജനുവരി 28-ന് രാവിലെ 9 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങും. വിമാനം ഇറങ്ങിയ ശേഷം അവിടെനിന്നും കൊച്ചി മെട്രോയിലെ യാത്രയും ആസ്വദിക്കണം. തുടർന്ന് ലുലുമാളും ചുറ്റിക്കറങ്ങി ഫോർട്ട് കൊച്ചിയുടെ മനോഹാരിതയും ആസ്വദിച്ച് മടങ്ങണം. വീട്ടുകാരുടെ പൂർണ്ണ പിന്തുണ ലഭിച്ചതോടെ ഈ യാത്രയുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. അധ്വാനിക്കുന്ന സ്ത്രീകളുടെ ഈ കൂട്ടായ്മ ഇന്ന് ഒരു നാടിന് മുഴുവൻ മാതൃകയാവുകയാണ്.

ഷീബ പറയുന്നു

ഈ യാത്ര വെറുതെ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ലെന്ന് ഷീബ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസമായി ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നു. ഞങ്ങൾ എല്ലാവരും തൊഴിലുറപ്പിലും കുടുംബശ്രീയിലുമൊക്കെ ഉള്ളവരാണ്. വലിയ സാമ്പത്തികമൊന്നും ആർക്കുമില്ല. അതുകൊണ്ട് തന്നെ വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും കുറയുന്ന സമയത്തിനായി ഞങ്ങൾ കാത്തിരുന്നു. മുക്കത്തെ ഒരു ട്രാവൽ ഏജന്റിന്റെ സഹായത്തോടെയാണ് ഇപ്പോൾ യാത്ര നടത്തുന്നത്. സംഘത്തിലെ മിക്കവർക്കും ഇത് ജീവിതത്തിലെ ആദ്യ വിമാനയാത്രയാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും എണ്ണിയെണ്ണിയുള്ള കാത്തിരിപ്പിലാണ് പൊന്നാങ്കയത്തെ ഈ വനിതകൾ. ഞങ്ങളുടെ നിശ്ചയദാർഢ്യം അറിഞ്ഞ ലിന്റോ ജോസഫ് എംഎൽഎ നേരിട്ടെത്തി എല്ലാവർക്ക് മധുരം നൽകിയാണ് ആശംസകൾ അറിയിച്ചത്. കരിപ്പൂരിൽ നിന്ന് വിമാനം കയറി കൊച്ചിയിലെത്തുക എന്ന സ്വപ്നം പൂർത്തിയാക്കിയ ശേഷം തിരികെ ട്രെയിനിലാകും സംഘം മടങ്ങുക. മെട്രോ യാത്രയും ലുലുമാൾ സന്ദർശനവുമെല്ലാം ഇതിനോടകം പ്ലാൻ ചെയ്തുകഴിഞ്ഞു. സ്വന്തം അധ്വാനം കൊണ്ട് വിമാനത്തിൽ കയറണമെന്നത് ഞങ്ങളുടെ വലിയൊരു ലക്ഷ്യമായിരുന്നു. മിച്ചം വെച്ച പണം കൊണ്ട് ഇത് സാധിച്ചെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്. വീട്ടുകാരുടെ പൂർണ്ണ പിന്തുണ കൂടി ലഭിച്ചതോടെ ഞങ്ങൾ വല്ലാത്തൊരു ആവേശത്തിലാണെന്നും ഷീബ പറഞ്ഞുവയ്ക്കുന്നു.