
കോഴിക്കോട്: വില്‍പനക്കായി എത്തിച്ച എം ഡി എം എയുമായി പിടിയിലായ യുവാവിന് വേറെയുമുണ്ട് തലതിരിഞ്ഞ പണികളെന്ന് പൊലീസിന് ബോധ്യമായത് പിന്നീടാണ്. താമരശ്ശേരിയിലെ പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മണല്‍വയലിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി അമ്പായത്തോട് ഇരട്ടപറമ്പില്‍ ഇ കെ ആഷിക് (33) നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം വില്പനയ്ക്കായെത്തിച്ച 63 ഗ്രാം എം ഡി എം എ ഉണ്ടായിരുന്നു.
തുടര്‍ന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹാജരാക്കിയ ആഷിക്കിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താമരശ്ശേരി ഡി വൈ എസ് പി പി പ്രമോദിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘം പ്രതിയെ അമ്പായത്തോടിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയ ശേഷമായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.
ഇതിനിടയിലാണ് താമരശ്ശേരി ചുങ്കത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 32.24 ഗ്രാം വ്യാജസ്വര്‍ണം പണയം വെച്ച് 1.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലെ ആഷിക്കിന്റെ പങ്ക് അന്വേഷണ സംഘത്തിന് മനസ്സിലായത്. ഇതോടെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണം സംഘം. കസ്റ്റഡിയില്‍ ലഭിക്കുന്ന മുറയ്ക്ക് എം ഡി എം.എയുമായി പിടിയിലായ കേസിലും വ്യാജ സ്വര്‍ണ്ണം പണയം വെച്ച കേസിലും പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.