പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസും ബിജെപിയും നടത്തിയ പ്രകടനത്തിന് നേരെ സിപിഎം നടത്തിയ അതിക്രമത്തെ ന്യായീകരിച്ച് ഏരിയ സെക്രട്ടറി. ഇത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്ന ഭീഷണിയും മുഴക്കി

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ കോൺഗ്രസും ബി ജെ പിയും നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സി പി എം നടത്തിയ അതിക്രമത്തിന് പിന്നാലെ ഏരിയ സെക്രട്ടറിയുടെ ഭീഷണി. പയ്യന്നൂരിലെ പ്രതിഷേധത്തിനെതിരെ സി പി എം നടത്തിയ അതിക്രമം സാമ്പിൾ വെടിക്കെട്ടെന്നാണ് ഏരിയ സെക്രട്ടറി പി സന്തോഷ്‌ കുമാർ പറഞ്ഞത്. പയ്യന്നൂരിലെ പാർട്ടി എന്താണെന്ന സൂചനയാണ് നൽകിയത്. സി പി എം എം എൽ എക്കെതിരെ പ്രതിഷേധിക്കാൻ വന്നാൽ, വരുന്നവർ സ്വന്തം തടി കാക്കേണ്ടി വരുമെന്നും ഏരിയ സെക്രട്ടറി ഭീഷണി മുഴക്കി. അപവാദ പ്രചാരണങ്ങൾക്ക് മുൻപിൽ നേതാവിനെ ഇട്ടുകൊടുത്ത് തടി തപ്പുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർക്കൊപ്പം പാർട്ടി പ്രവർത്തകർ പോകില്ലെന്നും സന്തോഷ്‌ കുമാർ കൂട്ടിച്ചേർത്തു.

നേരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ടി ഐ മധുസൂദനൻ എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിന് നേരെയാണ് സി പി എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ഓടിയെത്തിയ സി പി എം പ്രവർത്തകർ പയ്യന്നൂരിലെ പ്രതിഷേധ പ്രകടനത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് അടക്കം സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് സി പി എം പ്രവർത്തകർ ആക്രമണം നടത്തിയത്. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേരെ സി പി എം ഗുണ്ടകൾ നടത്തിയ ആക്രമം പ്രതിഷേധാർഹമാണെന്ന് കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.

പ്രതിഷേധിച്ച് സണ്ണി ജോസഫ്

ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി എ മധുസൂദനൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിന് നേരെ സി പി എം ഗുണ്ടകൾ നടത്തിയ ആക്രമം പ്രതിഷേധാർഹമാണെന്ന് കെ പി സി സി പ്രസിഡൻറ് സണ്ണി ജോസഫ് എം എൽ എ. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. സി പി എം മുൻ ഏരിയാ സെക്രട്ടറി പി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സി പി എമ്മിൻ്റെ ജീർണ്ണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സി പി എമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്. രക്തസാക്ഷി കുടുംബത്തോടും അണികളോടും സി പി എമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ സി പി എമ്മുകാരായ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.