മരണത്തിലും കൈവിടാത്ത മാതൃസ്നേഹം; കുട്ടിയാനയ്ക്കു സമീപം അമ്മയാന നിലയുറപ്പിച്ചത് രണ്ട് രാത്രിയും ഒരു പകലും

By Web TeamFirst Published Jan 17, 2023, 3:48 PM IST
Highlights

തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ ഏകദേശം 40 മണിക്കൂറോളമാണ് അമ്മയാന ജഡത്തിനു സമീപം തുടർന്നത്. കുട്ടിയാന മരിച്ചത് അറിയാതെ 40 മണിക്കൂറോളം  കുട്ടിയാനയെ തട്ടിയും തുമ്പിക്കൈ കൊണ്ട് തലോടിയും ഒക്കെ പൊന്നോമനയെ എഴുനേൽപ്പിക്കാൻ അമ്മയാന ശ്രമിച്ചുകൊണ്ടിരുന്നു.

തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനക്ക് ദിവസങ്ങളോളം കാവൽ നിന്ന് അമ്മയാന അവസാനം കുട്ടിയാനയെ ഉപേക്ഷിച്ച് ഉൾവനത്തിലേക്കു മടങ്ങി. വിതുരയിലാണ് മരണത്തിലും കൈവിടാത്ത മാതൃസ്നേഹത്തിന് ഒരു നാടാകെ ദൃക്സാക്ഷിയായത്.   ചരിഞ്ഞ കുട്ടിയാനയ്ക്കു സമീപം നിലയുറപ്പിച്ച അമ്മയാന രണ്ട് രാത്രിയും ഒരു പകലുമാണ് കാവൽ നിന്നത്. ഒടുവിൽ അമ്മ ആന ഉൾ വനത്തിലേക്കു മടങ്ങിയതോടെ കുട്ടിയാനയുടെ ജഡം വനംവകുപ്പ് ഏറ്റെടുത്തു പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. 

ശനിയാഴ്ച്ച രാത്രി 9 മണിയോടെയാണ് കാട്ടാന കുട്ടിയെ അമ്മയാന തട്ടി തട്ടി കൊണ്ടുവരുന്നത് ആദിവാസികൾ കണ്ടെത്. ഇത് കണ്ടയുടനെ ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാന കൂട്ടം ഉണ്ടായിരുന്നതിനാൽ സമീപം ചെല്ലാൻ കഴിഞ്ഞില്ല. കുട്ടിയാന മരിച്ചത് അറിയാതെ അമയാന ഇതിനെ തട്ടി തട്ടി കാട്ടിലേക്ക് കൊണ്ട് പോയി കൊണ്ടിരുന്നു. പാലോട് വനം റേഞ്ചിലെ കല്ലാർ സെക്‌‌ഷനിൽ വിതുര തലത്തൂതക്കാവ് കല്ലൻകുടി മുരിക്കുംകാലയിൽ ശനിയാഴ്ച രാത്രിയോടെ സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച മുഴുവനും അമ്മയാന ജഡത്തിനു സമീപം തുടർന്നു. 

തിങ്കളാഴ്ച രാവിലെ 11 മണിവരെ വരെ ഏകദേശം 40 മണിക്കൂറോളമാണ് അമ്മയാന ജഡത്തിനു സമീപം തുടർന്നത്. കുട്ടിയാന മരിച്ചത് അറിയാതെ 40 മണിക്കൂറോളം  കുട്ടിയാനയെ തട്ടിയും തുമ്പിക്കൈ കൊണ്ട് തലോടിയും ഒക്കെ പൊന്നോമനയെ എഴുനേൽപ്പിക്കാൻ അമ്മയാന ശ്രമിച്ചുകൊണ്ടിരുന്നു. ശ്രമങ്ങൾ വിഫലമായതോടെ ചിന്നം വിളിച്ച് കൊണ്ട് കുട്ടിയാനയുടെ ജഡത്തിന് അരികിൽ നിന്നും അമ്മയാന തിരികെ ഉൾകാട്ടിലേക്ക് പോയി. ഇതിന് ശേഷം വനം വകുപ്പ് സംഘവും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. എസ്.വി. ഷിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി. 

കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ അതെ സ്ഥലത്ത് തന്നെയാണ് പോസ്റ്റ് മോർട്ടം നടത്തിയത്തും തുടർന്ന് ചിത ഒരുക്കിയതും. രണ്ടര വയസുള്ള വൈകല്യം ബാധിച്ച ആന ആണു ചരിഞ്ഞത് എന്ന് പാലോട് വനം റേഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ് മോർട്ടം നടത്തിയതിൽ നിന്ന് ഇതിന്‍റെ ആന്തരിക അവയവങ്ങളിൽ പലതും തകരാറിലായിരുന്നു എന്നും ശ്വാസകോശം പൊട്ടിയ അവസ്ഥയിൽ ആയിരുന്നു എന്നും വനംവകുപ്പ് അറിയിച്ചു.

Read More : ബൈക്ക് റൈസ് ചെയ്തും ഹോണടിച്ചും നാട്ടുകാർ, പ്രകോപിതനായി 'പടയപ്പ'; മുന്നറിയിപ്പ് നൽകി വനംവകുപ്പ്

click me!