
എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാലുപേർ പിടിയിൽ. നിലമ്പൂരിൽ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം. വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ എന്നിവരാണ് പിടിയിലായത്.
കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ, പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് നാലുപേരും കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട് വീട്ടിൽ വെച്ച് ആലപ്പുഴ സ്വദേശികൾക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖിൽ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. ഏറെ അന്വേഷിച്ചാണ് ആലപ്പുഴയിൽ നിന്ന് ഇടപാടുകാരെ കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. കൊമ്പ് വാങ്ങാൻ ആലപ്പുഴയിൽ നിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ആനക്കൊമ്പ് പുറത്തെടുത്ത് ഇടപാട് സംസാരിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട് വളയുകയായിരുന്നു. ഇടപാടുകാരെത്തിയ കാറും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുമ്പ് നിലമ്പൂരിൽ നിന്നാണ് കൊമ്പ് ലഭിച്ചതെന്നാണ് അഖിലിന്റെ മൊഴി. വർഷങ്ങൾക്ക് മുൻപ് കാറിൽ ചന്ദനം കടത്തിയ കേസിൽ പട്ടിമറ്റം സ്വദേശി അനീഷ് വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്. ആനക്കൊമ്പ് എന്ന് എവിടെവെച്ച് ആര് മുറിച്ചെടുത്തു അഖിൽ മോഹന് എങ്ങനെ കിട്ടി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അതേസമയം, നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും ആഡംബര കാറിൽ 221 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒഡീഷയിൽ നിന്നും വൻ മാഫിയ തലവനും കൂട്ടാളിയും പിടിയിലായി. പിടികൂടിയ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തൃശൂർ സിറ്റി പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി പിടികൂടിയത്. ഗജപതി ജില്ല സ്വദേശിനിയായ നമിത പരീച്ച (32), അരുൺ നായിക് (25) എന്നിവരെയാണ് കേരള പൊലീസ് സംഘം പൊക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam