മൂന്നാറിനെ കിടുക്കി വീണ്ടും "പടയപ്പ"യും സംഘവും: ടൗണിലെ പഴക്കട തകര്‍ത്തു

By Web TeamFirst Published May 19, 2020, 4:41 PM IST
Highlights

ലോക്ഡൗണിൽ ആളൊഴിഞ്ഞതോടെ കാട്ടാനകൾ ടൗണിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

മൂന്നാര്‍: കാട്ടാനക്കൂട്ടം വീണ്ടും മൂന്നാർ ടൗണിലിറങ്ങി. പുലർച്ചെ മൂന്ന് മണിയോടെയാണ് ആനക്കൂട്ടം മൂന്നാർ ടൗണിലേക്കെത്തിയത്. നാട്ടുകാർ പടയപ്പയെന്ന് വിളിക്കുന്ന കാട്ടാനയായിരുന്നു സംഘത്തലവൻ. മൂന്നാർ ടൗൺ മുഴുവൻ ചുറ്റിക്കറങ്ങിയ സംഘം പിന്നീട് പഴക്കട തകർത്ത് പഴങ്ങൾ എടുത്തു.

രണ്ട് മണിക്കൂറോളം സംഘം ടൗണിൽ ഉണ്ടായിരുന്നു. മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി റോഡ്, മറയൂ‍ർ റോഡ് എന്നിവടങ്ങളിലെല്ലാം സഞ്ചരിച്ച് നേരം പുലര്‍ന്ന ശേഷമാണ് കാട്ടിലേക്ക്  തിരിച്ച് കയറിയത്. ലോക്ഡൗണിൽ ആളൊഴിഞ്ഞതോടെ കാട്ടാനകൾ ടൗണിൽ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയും പടയപ്പയും സംഘവും മൂന്നാർ ടൗണിൽ ഇറങ്ങിയിരുന്നു. അതിന് മുന്പ് വന്നപ്പോൾ മൂന്നാർ കോളനിയിലെ പറമ്പുകളിലെ കൃഷി നശിപ്പിച്ചു.കഴിഞ്ഞ ദിവസം അരിക്കൊന്പൻ എന്ന ഒറ്റയാൻ രാജകുമാരിയിലെ റേഷൻ കട തകർത്ത് അരി തിന്നിരുന്നു. കാര്യമായി കൃഷി നശിപ്പിക്കാതെ കടകൾ തകർത്ത് അരിയെടുത്ത് കൊണ്ടുപോകുന്ന കാട്ടാനയാണ് അരിക്കൊമ്പൻ. ലോക്ഡൗണിൽ റോഡിലും ടൗണിലുമെല്ലാം ആളൊഴിഞ്ഞതോടെയാണ് ആനകൾ കാടിറങ്ങിത്തുടങ്ങിയത്. ഇതോടെ ഭീതിയിലാണ് ഹൈറേഞ്ചുകാർ ഓരോ ദിവസവും തള്ളിനീക്കുന്നത്.

click me!