മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങിയെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് വനംവകുപ്പ്. ഈ ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ള പഴയ വീഡിയോ ആണെന്നും, പ്രചാരണത്തിൽ പറയുന്ന പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
ഇടുക്കി: മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ നടക്കുന്നത് വ്യാജപ്രചരണമെന്ന് വനംവകുപ്പ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ നാലുവർഷം മുമ്പുള്ളതാണെന്നും വനംവകുപ്പ് വിശദീകരണത്തിൽ പറയുന്നു. ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്ന് പോലും ഉള്ളതല്ലെന്നും ഛത്തീസ്ഗഡ് ബിജാപൂരിൽ 2021ൽ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും വനംവകുപ്പ് വിശദീകരിച്ചു. അനാവശ്യമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കുണ്ടളയിൽ കടുവയും കുട്ടികളും ഇറങ്ങിയെന്ന തരത്തിലായിരുന്നു വാര്‍ത്തകൾ. എന്നാൽ പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പു പറയുന്നു. കാൽപ്പാടുകളോ മറ്റ് യാതൊരു സൂചനകളും കടുവാ സാന്നധ്യമെന്ന വാദത്തെ ന്യായീകരിക്കുന്നില്ലെന്നും വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്. മൂന്നാറിൽ കടുവ ഇറങ്ങിയിരുന്നു എന്നത് വാസ്തവമാണെന്നും, പക്ഷെ പ്രചാരണത്തിൽ പറയുന്ന ഇടങ്ങളിൽ കടുവാ സാന്നിധ്യമില്ലെന്നുമാണ് വനംവകുപ്പിന്റെ വ്യക്തമായ വിശദീകരണം.


