
കേരളം സമാനതകളില്ലാത്ത മഹാ പ്രളയത്തിന്‍റെ പിടിയിലാണ്. മനുഷ്യസാധ്യമായ രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാവിധി സംവിധാനങ്ങളുമായി ഏവരും തീവ്രശ്രമത്തിലാണ്. എന്നാല്‍ മാനസികമായി വൈകല്യം ബാധിച്ച ചിലര്‍ മാത്രം വ്യാജപ്രചരണം ബോധപൂര്‍വ്വം അഴിച്ചുവിടുകയാണ്.
സുരക്ഷിതമായ ഏതോ സ്ഥലത്തിരുന്നു വ്യാജപ്രചരണങ്ങള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് അവര്‍. ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകളൊന്നും അത്തരക്കാര്‍ ഇതുവരെയും മുഖവിലയ്ക്കെടുത്തിട്ടില്ല. ആദ്യ ഘട്ടം മുതല്‍ തന്നെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുകയും പ്രചരിപ്പിക്കുകയുമാണവര്‍. വാര്‍ത്ത സത്യമാണെന്ന് വിശ്വസിച്ച് അത് ഷെയര്‍ ചെയ്യുന്നവരുടെ നിഷ്കളങ്കത ഇവിടെ ബലിയാടുക്കുന്നുവെന്ന് മാത്രമല്ല രക്ഷാ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്.
ഏനാമാവ് ബണ്ട് പൊട്ടിയെന്നും തൃശൂര്‍ മൊത്തം വെള്ളത്തിലാകുമെന്നും ജനങ്ങള്‍ കൂട്ടത്തോടെ അപകടത്തിലാകുമെന്നുമാണ് ഏറ്റവും പുതുതായി പ്രചരിക്കുന്ന വ്യാജന്‍. സത്യം മനസ്സിലാക്കാതെ പലരും ഇത് ഷെയര്‍ ചെയ്യുന്നുണ്ടെന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം.
സത്യത്തില്‍ ഏനാമാവ് ബണ്ടില്‍ യാതൊരു വിധ അപകട ഭീതിയുമില്ല. കാലവര്‍ഷം കനത്തപ്പോള്‍ തന്നെ ഏനാമാവ് ബണ്ട് അധികൃതര്‍ തുറന്നിരുന്നു. വെള്ളം അധികമായി ഒഴുകിയെത്തുന്നതിനാല്‍ ബണ്ടിന് മുകളിലൂടെ ഒഴുകുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് കാരണം സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എന്നാല്‍ ബണ്ടിന്‍റെ സുരക്ഷിതത്വത്തില്‍ യാതൊരുവിധ ആശങ്കയുമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam