
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ പൂർണ്ണമായും സൗജന്യമാക്കാമെന്ന സർക്കാർ പ്രഖ്യാപനം പാഴ്‍വാക്കായതോടെ സെക്രട്ടേറിയേറ്റിന് മുന്നിൽ ഈ മാസം 30 മുതൽ പട്ടിണി സമരം തുടങ്ങുകയാണ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാർ. പണമടക്കാത്തതിന്‍റെ പേരിൽ ചികിത്സ നിഷേധിക്കപ്പെട്ടവരും, സർക്കാർ ചിലവ് ഏറ്റെടുക്കാത്തതിനെ തുടർന്ന് കടക്കെണിയിലാവരും ധാരാളമുണ്ട്.
ശിൽപ്പയുടെ ദുരിതം
കാസര്‍കോട് പനയാല്‍ നെല്ലിയടുക്കത്തെ ഗംഗാധരന്‍റെ മകൾ ശിൽപയ്ക്ക് ജന്മനാ കാഴ്ച ശക്തിയില്ല, കൂടെ എല്ല് പൊടിയുന്ന രോഗവും. ഉടൻ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ സെല്ലിന്‍റെ നിര്‍ദ്ദേശപ്രകാരം 2016ല്‍ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും ചികിത്സയ്ക്ക് ശേഷം ബിൽ സമർപ്പിച്ചാൽ മാത്രമേ പണം നൽകൂ എന്ന മാമൂലിൽ കുടുങ്ങി ചികിത്സ മുടങ്ങി. ശസ്ത്രക്രിയക്കായുള്ള കാത്തിരിപ്പ് ഇപ്പോൾ രണ്ട് വർഷം പിന്നിട്ടു.
ശിവകുമാർ ഭട്ടിന്‍റെ സങ്കടം
സമാനമായ കഥയാണ് എൻമകജെയിലെ ശിവകുമാർ ഭട്ടിനും പറയാനുള്ളത്. സ്വന്തം ചിലവിൽ മകൻ നവീൻ കുമാറിന്‍റെ ചികിത്സ തുടരുന്ന ഈ അച്ഛൻ ഇന്ന് കടക്കെണിയിലാണ്. മകന്‍റെ ചികിത്സയ്ക്കായി എട്ടുലക്ഷം രൂപയോളം ഇതുവരെ ചിലവാക്കിയതായി ശിവകുമാർ പറയുന്നു. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ മികച്ച മാർക്ക് നേടിയിരുന്ന മകൻ ഇപ്പോൾ പഠന വൈകല്യം നേരിടുന്നുവെന്ന് പറയുമ്പോൾ ഈ അച്ഛന്‍റെ തൊണ്ടയിടറുന്നു
ഇതുപൊലെ ലിസ്റ്റിൽ പെട്ടിട്ടും വിദഗ്ദ ചികിത്സ ലഭിക്കാത്തവർ ഇനിയുമുണ്ടെങ്കിലും എല്ലാം ഒറ്റപ്പെട്ട കേസുകളെന്നാണ് സെൽ അധികൃതരുടെ വാദം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam