6 ലക്ഷം നൽകിയിട്ടും ഉപകരണം കിട്ടിയില്ല; വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നിര്‍മ്മാതാക്കൾക്കെതിരെ പരാതി

By Web TeamFirst Published Mar 22, 2019, 9:05 AM IST
Highlights

ഓട്ടോഗ്രേഡ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ഹൗസ് ബാറ്ററീസ് ഉടമ ജാഫര്‍ അലി പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഡീലര്‍ഷിപ്പിനായി രണ്ട് തവണയായ ആറ് ലക്ഷം രൂപ നൽകിയിട്ടും ഉപകരണം കിട്ടിയില്ലെന്നാണ് പരാതി.

മലപ്പുറം: സര്‍ക്കാര്‍ അംഗീകൃത, വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നിര്‍മ്മാതാക്കളായ ഓട്ടോഗ്രേഡ് കമ്പനിക്കെതിരെ പരാതിയുമായി യുവ സംരംഭകൻ. ഡീലര്‍ഷിപ്പിനായി 6 ലക്ഷം രൂപ വാങ്ങിയിട്ടും ഉല്‍പ്പന്നങ്ങള്‍ കിട്ടുന്നില്ലെന്നാണ് മലപ്പുറം സ്വദേശി ജാഫർ അലിയുടെ പരാതി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം രാജ്യമെമ്പാടും നടപ്പിലാക്കുന്ന പദ്ധതിയാണ് സുരക്ഷ മിത്ര. വാഹനങ്ങളില്‍ ജിപിഎസ്  ഘടിപ്പിച്ച് നിരീക്ഷിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ആദ്യഘട്ടത്തിൽ സ്കൂള്‍ ബസുകളിലാണ് ഇത് ഘടിപ്പിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ അംഗീകരിച്ച 13 കമ്പനികളുടെ പട്ടിക മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഇതില്‍ നാലാമത്തെ കമ്പനിയായ ഓട്ടോഗ്രേഡ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ഹൗസ് ബാറ്ററീസ് ഉടമ ജാഫര്‍ അലി പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ഡീലര്‍ഷിപ്പിനായി രണ്ട് തവണയായ ആറ് ലക്ഷം രൂപ ജാഫര്‍ അലി നല്‍കിയിരുന്നു. പക്ഷേ വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം മാത്രം കിട്ടിയില്ല.

ഓരോ തവണ സമീപിക്കുമ്പോഴും ഓട്ടോഗ്രേഡ് ഉടമകൾ പല ഒഴിവുകഴിവുകൾ പറയുകയായിരുന്നുവെന്നും ഇത്രയും കാലമായിട്ടും ഉപകരണം ലഭിച്ചിട്ടില്ലെന്നുമാണ് ജാഫ‌ർ അലിയുടെ പരാതി. മലപ്പുറം കാടാമ്പുഴ പൊലീസില്‍ ജാഫര്‍ അലി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഓട്ടോഗ്രേഡ് കമ്പനി ഉടമകള്‍ തയ്യാറായില്ല.

click me!